Latest NewsNewsIndia

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ മെട്രോമാന്‍ ഇ.ശ്രീധരന്‍…: അഭ്യൂഹങ്ങള്‍ ഇങ്ങനെ

 

ന്യൂഡല്‍ഹി : രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ മെട്രോമാന്‍ ഇ. ശ്രീധരനും. അഭ്യൂഹങ്ങള്‍ പരക്കുന്നത് ഇങ്ങനെ. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഇ.ശ്രീധരനെ ഒഴിവാക്കിയതിന്റെ വന്‍ വിവാദം കെട്ടടങ്ങും മുന്‍പാണ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മെട്രോമാന്‍ ഇ. ശ്രീധരന്‍ മത്സരിക്കുമെന്ന കാര്യം പുറത്തുവന്നത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തു വിട്ടത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്ന മൂന്നംഗ സമിതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ശ്രീധരന്റെ പേരും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. അതേസമയം, രാഷ്ട്രപതിയാകാന്‍ യോഗ്യനല്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു. അത്തരമൊരു മോഹമില്ലെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി എന്നിവരാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് മുന്നണിയിലും പ്രതിപക്ഷത്തുമുള്ള പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ബിജെപി സമിതിയിലുള്ളത്. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ബിജെപി പട്ടികയിലുണ്ടെങ്കിലും ആരാകും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ല. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവും സാധ്യതാപട്ടികയിലുണ്ടെങ്കിലും, പ്രകടമായ ബിജെപി ചായ്വുള്ള ഇവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അംഗീകരിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.

ശിവസേനയുമായും പ്രതിപക്ഷ നിരയിലെ ജനതാദള്‍ (യു) നേതൃത്വവുമായും സുഷമ സ്വരാജിനുള്ള വ്യക്തിപരമായ അടുപ്പം വിജയം ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണു പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു സുഷമ സ്വരാജിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ പ്രതിപക്ഷം തയാറെടുക്കുന്ന പശ്ചാത്തലത്തില്‍ എന്‍ഡിഎ പ്രബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ വിജയം ഉറപ്പിക്കാനാകില്ലെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. ആര്‍എസ്എസ് നേതൃത്വവും സുഷമ സ്വരാജിനെ സ്ഥാനാര്‍ഥിയാക്കണമെന്ന താല്‍പര്യം ബിജെപി നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.

പ്രതിപക്ഷം ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചര്‍ച്ചയ്ക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്ച ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചചെയ്ത ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം. മഹാരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് അമിത് ഷാ 19നു ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷമാകും അന്തിമഘട്ട ചര്‍ച്ചകള്‍.

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പാര്‍ലമെന്ററി ബോര്‍ഡ് യോഗവും പ്രഖ്യാപനവും 23നകം നടക്കുമെന്നാണു സൂചന. ബിജെപിയുടെ പരമോന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡിലെ 12 അംഗങ്ങളില്‍ സുഷമയുടെ സ്ഥാനാര്‍ഥിത്വത്തെ ശക്തമായി പിന്തുണയ്ക്കുന്നവര്‍ അഞ്ചു പേരുണ്ട്. സുഷമ സ്വരാജ് ഉള്‍പ്പെടുന്ന ബോര്‍ഡില്‍ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അനന്ത്കുമാര്‍, ശിവരാജ് സിങ് ചൗഹാന്‍, റാംലാല്‍ എന്നിവര്‍ സുഷമയെ പിന്തുണയ്ക്കുന്നവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, തവര്‍ചന്ദ് ഗെലോട്ട്, ജെ.പി.നഡ്ഡ എന്നിവരാണു ബോര്‍ഡിലെ മറ്റംഗങ്ങള്‍.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button