
എൻ.ഡി.ടി.വി എന്ന ടിവിയുടെ മുതലാളിമാർ ഇന്നിപ്പോൾ സിബിഐയുടെ പിടിയിലാവുന്നു. കഴിഞ്ഞ കുറച്ചുകാലമായി അവർ നടത്തിവരുന്ന ക്രമം വീട്ടി സാമ്പത്തിക ഇടപാടുകളാണ് ഈ ദുസ്ഥിതിയിൽ കൊണ്ടുചെന്നെത്തിച്ചത്. മാധ്യമരംഗത്തെ അന്തസ്സിന്റെ പ്രതിരൂപമെന്നൊക്കെ പറയപ്പെടുന്ന വ്യക്തിത്വം തട്ടിപ്പിന്റെയും സാമ്പത്തിക തിരിമറികളുടെയും രാജാവായിരുന്നു എന്നതാണ് സിബിഐയും ആദായ നികുതി അധികൃതരും എൻഫോഴ്‌സ്‌മെന്റ് അധികൃതരും മറ്റും കണ്ടെത്തിയിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇന്നിപ്പോൾ പല ഭാഗങ്ങളിലും അവരുടെ വസതികളിലും ഓഫീസുകളിലും നടക്കുന്ന റെയ്‌ഡുകൾ. പ്രണോയ് റോയിയുടെ തട്ടിപ്പിൽ അവർ മാത്രമാണോ, അതോ മറ്റുചിലർ കൂടി ഉണ്ടോ എന്നതാണ് ഇപ്പോൾ പ്രശ്നം. കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തെ കുടുംബം, പി ചിദംബരം തുടങ്ങിയവർക്ക് ഇതുമായുള്ള, അല്ലെങ്കിൽ അവരുമായുള്ള ബന്ധവും ഇതിനിടയിൽ വിശകലനം ചെയ്യപ്പെടും എന്നത് തീർച്ചയാണ്. എന്നാൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്മേലുള്ള സർക്കാരിന്റെ കടന്നുകയറ്റം എന്ന് വിശേഷിപ്പിക്കാനാണ് പ്രണോയ് റോയിയും കൂട്ടരും ശ്രമിക്കുന്നത്. കോടതിയുടെ അനുമതിവാങ്ങിയിട്ടാണ് ഇപ്പോഴത്തെ റെയ്‌ഡുകൾ എന്ന് സിബിഐ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലഭ്യമായ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയശേഷമാണ് റെയ്‌ഡുകൾക്ക് കോടതി അനുമതി നൽകിയത് എന്ന് അറിയുന്നു. പ്രണോയ് റോയിയുടെ പത്നി രാധികയുടെ സഹോദരിയാണ് പ്രകാശ് കാരാട്ടിന്റെ ഭാര്യയും സിപിഎം നേതാവുമായ വൃന്ദ കാരാട്ട്.
എൻഡിടിവി ഇന്നിപ്പോൾ പ്രതിസന്ധിയിലായത് സ്വന്തം നടപടികൾ കൊണ്ടുതന്നെയാണ്. ശുദ്ധമായ തട്ടിപ്പ് എന്ന് ചുരുക്കം. ആർ ആർ പി ആർ (RRPR) എന്ന പേരിൽ ഒരു ഷെൽ കമ്പനി ഉണ്ടാക്കി അതിന്റെ പേരിൽ ഐസിഐസിഐ ബാങ്കിൽ നിന്ന് 375 കോടി വായ്‌പയെടുത്തതാണ് അതിലൊന്ന്. ഒരു ആസ്തിയും വരുമാനവുമില്ലാത്തതാണ് ആർ ആർ പി ആർ; അതിന്റെ പൂർണ്ണ രൂപം രാധിക റോയ് പ്രണോയ് റോയ് എന്ന്. അതിൽ അൻപത് ശതമാനം ഓഹരി പ്രണോയ് റായിക്കും ബാക്കി അൻപത് ശതമാനം ഭാര്യ രാധിക റോയിക്കും. ഒരു പൈസയുടെ ഇടപാടുപോലുമില്ല. ഒരു രൂപയുടെ ആസ്തിയുമില്ല. അത്തരമൊരു കമ്പനിക്ക് ഇത്രയും വലിയ തുക എങ്ങിനെ നൽകി?. അത് ചെന്നെത്തിയത് ധനമന്ത്രാലയത്തിലാണ് എന്ന് ആദായ നികുതി അധികൃതർ കണ്ടെത്തിയിരുന്നു ; പി ചിദംബരത്തില് എന്ന് ചുരുക്കം. ഇനി അതുമല്ല പ്രശ്നം. ഇങ്ങനെ കിട്ടിയ തുകയിൽ നിന്ന് പ്രണോയ് റോയ് ഏതാണ്ട് 21 കോടി രൂപ ( 20, 92,00,009 കോടിരൂപ) സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പലിശരഹിത വായ്പ എന്ന നിലക്ക്. പിന്നീട്, 71 കോടി രൂപ (71,00,00,107 കോടിരൂപ) പ്രണോയിയുടെ ഭാര്യ രാധിക റോയിയുടെ അക്കൗണ്ടിലേക്കും മാറ്റി. അതും പലിശരഹിത വായ്‌പ. ഐസിഐസിഐ ബാങ്കിൽ നിന്നും 19 ശതമാനം വായ്‌പയെടുത്തിട്ട് പലിശയില്ലാതെ സ്വന്തം കണക്കിലാക്കുന്ന തട്ടിപ്പു് . പിന്നീട് 2010 -ൽ 53.84 കോടി ഇതേ ആർ ആർ പി ആർ കമ്പനിയിൽ നിന്ന് പ്രണോയ് റോയ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. റിലയൻസ് ഗ്രൂപ്പിൽ നിന്ന് 350 കോടി രൂപ ഈ ഷെൽ കമ്പനിക്ക് കിട്ടിയതിൽ നിന്നുമാണ് ഈ കൈമാറ്റം ഉണ്ടായത്.
നേരത്തെ ഡോ. സുബ്രമണ്യൻ സ്വാമി ഈ ചാനലിനെതിരെ ഗുരുതരമായ ചില ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു എന്നതോർക്കുക. വിദേശത്തു സഹ ( സബ്‌സിഡിയറി ) കമ്പനിയുണ്ടാക്കുക, പിന്നീട് അതിനു ലഭിക്കുന്ന പണം ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യുക എന്നത് കഴിഞ്ഞ കുറച്ചുകാലമായി പലരും നടത്തിവരുന്നുണ്ട്. അതിനായി ഇന്ത്യയുമായി സാമ്പത്തിക – ക്രിമിനൽ കുറ്റവാളികളെ കൈമാറാനും വിവരങ്ങൾ നൽകാനുമൊക്കെ ധാരണയുണ്ടാക്കിയിട്ടില്ലാത്ത രാജ്യങ്ങളിലാണ് പലരും കമ്പനികൾ തുടങ്ങിയത്. മൗറീഷ്യസ് അതിനൊരു ഉദാഹരണമായിരുന്നു. മറ്റൊന്നാണ് കേയ്‌മാൻ ദ്വീപുകൾ. അടുത്തകാലത്ത് അത്തരം കുറെയേറെ ഷെൽ കമ്പനികൾ അന്വേഷണത്തിന് വിധേയമായിരുന്നു. പലതിനും ഓഫീസ് പോലുമില്ല. ഒരു രൂപയുടെ ഇടപാടും നടത്തുന്നില്ല. എന്നിട്ടും വിദേശത്തുനിന്നും കോടികൾ അവർ ഇന്ത്യയിലെത്തിച്ചു. അതുപോലൊന്നാണ് എന്ഡിടിവിയും നേരത്തെ ചെയ്തത് എന്നതാണ് മറ്റൊരു കാര്യം. എൻഡിടിവി ആശ്രയിച്ചത് കേയ്‌മാൻ ദ്വീപുകളെയാണ് . പിന്നെ ലണ്ടനിലും അവർ കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. അവിടെത്തന്നെ രാഹുൽ ഗാന്ധിയും ഒരു കമ്പനി രെജിസ്റ്റർ ചെയ്തതായി ആക്ഷേപമുയർന്നത് ഓർക്കുക. അതിനുതാൻ ബ്രിട്ടീഷ് പൗരനാണ് എന്നുള്ള രേഖകൾ കാണിച്ചുവെന്നതും മറ്റും നാം കേട്ടതാണ്. ആ പ്രശ്‌നമിപ്പോൾ പാർലമെന്റിന്റെ എത്തിക്ക്സ് കമ്മിറ്റിയുടെ മുന്നിലുണ്ട് എന്നാണ് സൂചന. പറഞ്ഞുവന്നത് വിദേശത്തുനിന്ന് കള്ളപ്പണം ഇന്ത്യയിലെത്തിച്ചതിനുപിന്നിലെ വസ്തുതകൾ അന്വേഷിക്കേണ്ടതുണ്ട്.
കേരളത്തിലെ ചില എൻബിഎഫ്‌സികൾ ( ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ) ഇത്തരം കള്ളത്തരങ്ങൾക്ക് കൂട്ടുനിന്നുവെന്ന ആക്ഷേപവും ഈ വേളയിൽ സ്മരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ചില പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ ആദായ നികുതി – എൻഫോഴ്‌സ്‌മെന്റ് അധികൃതർ നടത്തിയിരുന്ന പരിശോധനകൾ അതിന്റെ ഭാഗമാണ്. അത്തരം അനവധി സ്ഥാപനങ്ങളിൽ നടന്നുവരുന്ന റെയ്‌ഡ് , പരിശോധനകൾ എന്നിവ കള്ളപ്പണത്തിന്റെ ഒരു വലിയ ശ്രുംഖല തന്നെ പുറത്തുകൊണ്ടുവന്നിട്ടുണ്ട് എന്നാണ് അനൗദ്യോഗികമായി അധികൃതർ പറയുന്നത്. ചില ഭീകര പ്രസ്ഥാനങ്ങൾ ഇന്ത്യയിലേക്ക് പണമെത്തിച്ചതിന്റെ പേരിലും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ഏറെ ആശങ്കകൾ ഉണ്ടാക്കുന്നത്. രാഷ്ട്രീയക്കാരുടെ കള്ളപ്പണം സൂക്ഷിക്കുന്നതും അത് ബിനാമി പേരുകളിൽ ഡെപ്പോസിറ്റ് ചെയ്യുന്നതും സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചത് ദൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുമാണ്. യുഎഇ , സൗദി അറേബ്യ പോലുള്ള ചില രാജ്യങ്ങൾ അടുത്തിടെ നൽകിയ വിവരങ്ങളും അന്വേഷണത്തിന് സഹായകരമായി എന്നറിയുന്നു. ഭീകര വിരുദ്ധ നീക്കത്തിന്റെ ഭാഗമായാണ് ആ രാജ്യങ്ങൾ ചില സുപ്രധാനവിവരങ്ങൾ ഇന്ത്യക്ക് നൽകിയത്.
എൻഡിടിവി നടത്തിയ തട്ടിപ്പിനെ വിദേശനാണ്യ ചട്ട ലംഘനമെന്ന നിലക്കുകണ്ട് പ്രശ്‌നം കുറെ തുക പിഴ ചുമത്തി അവസാനിപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആദ്യമൊക്കെ ശ്രമിച്ചത്. യഥാർത്ഥത്തിൽ അതൊരു ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ്. എവിടെനിന്നു പണം ലഭിച്ചു, ആരാണ് അതിനു ഇടനിലക്കാർ, അതിൽ ആർക്കെല്ലാം എന്തെല്ലാം താല്പര്യങ്ങളുണ്ട് എന്നതെല്ലാം സമഗ്രമായ അന്വേഷണ വിധേയമാവേണ്ടതുണ്ട്. അതാണിപ്പോൾ ഡോ. സുബ്രമണ്യൻ സ്വാമി ഉന്നയിച്ചിരിക്കുന്നത്. സ്വാമി ലക്ഷ്യമിടുന്നത് എന്ഡിടിവിയെ മാത്രമല്ല എന്ന് വ്യക്തം. അതിനുപിന്നിൽ രാജ്യത്തെ വലിയ അഴിമതിയുടെ ഒരു കണ്ണിയുണ്ട് എന്നതാണ് അദ്ദേഹത്തിൻറെ നിലപാട് എന്നുവേണം കരുതാൻ.
അനധികൃത- വിദേശ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ഈ അന്വേഷണങ്ങൾ എൻഡിടിവിയുടെ ഭാവിയെത്തന്നെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അവരുടെ ഒരു ചാനൽ കഴിഞ്ഞദിവസമാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി കോൺഗ്രസിനുവേണ്ടി “പടപൊരുതുന്ന” ചാനലിന് വിദേശത്തുനിന്നുമാത്രമല്ല എയർസെൽ – മാക്സിസ് ഇടപാടിന്റെ ഭാഗമായും കോടികൾ ലഭിച്ചുവെന്നാണ് ഡോ. സ്വാമി ചൂണ്ടിക്കാട്ടിയത്. അത് അഴിമതിപ്പണമാണ് എന്നും കള്ളപ്പണമാണ് എന്നും ആ ഇടപാടിന്റെ പേരിൽ ചാനലിനും അതിന്റെ തലപ്പത്തുള്ളവർക്കുമെതിരെ സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ( ഇ ഡി ) അന്വേഷണത്തിന് ഉത്തരവിടണമെന്നും സ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് 2,670 കോടിയുടെ തട്ടിപ്പാണ് എൻഡിടിവി നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിൻറെ ആക്ഷേപം. നേരത്തെ 640 കോടിയുടെ ഒരു തട്ടിപ്പിന്റെ പേരിൽ ആദായ നികുതി വകുപ്പ് ഇതേ ചാനലിന് 525 കോടിരൂപ ഫൈൻ ചുമത്തിയിരുന്നു.
ഡോ. സ്വാമിയുടെ രംഗപ്രവേശത്തോടെയാണ് എൻഡിടിവി വിഷയത്തിലെ ആദ്യപാദ കഥകൾ വെളിച്ചത്താവുന്നത് . വിദേശത്തു കമ്പനി രൂപീകരിച്ചും മറ്റും പണം വെട്ടിപ്പും നികുതി വെട്ടിപ്പുമൊക്കെ നടത്തുകയാണ് അവർ ചെയ്തതെന്ന് അദ്ദേഹം പ്രധാനമന്ത്രിക്കുനൽകിയ കത്തിൽ പറഞ്ഞിരുന്നു. ഈ കത്തിന്റെ കോപ്പി ഇന്നിപ്പോൾ മാധ്യമങ്ങളിൽ ലഭ്യമാണ്. എയർസെൽ- മാക്സിസ് ഇടപാട് നടന്ന സമയത്തുതന്നെ അവരുടെ സഹ സ്ഥാപനമായ ആസ്ട്രോ ആൾ ഏഷ്യ നെറ്റ് വർക്സിൽ നിന്ന് എന്ഡിടിവിക്ക് 50 മില്യൺ യുഎസ് ഡോളർ കിട്ടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവർ ബ്രിട്ടനിലെ കോടതിയെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ എയർസെൽ- മാക്സിസ് കേസിൽ എൻഡിടിവിയെ പെടുത്താൻ ആദ്യം സിബിഐ തയ്യാറായില്ല. പണം തട്ടിപ്പും അഴിമതിയും സംബന്ധിച്ച് അവരെയും കേസിൽ പ്രതിചേർക്കേണ്ടതായിരുന്നു, സുബ്രമണ്യൻ സ്വാമി അന്ന് കത്തിൽ പറഞ്ഞിരുന്നു . എയർസെൽ – മാക്സിസ് ഇടപാട് അനധികൃതമാണ് എന്നും അതിനു പിന്നിലുണ്ടായിരുന്നത് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരമാണ് എന്നും വ്യക്തമാണ്. എങ്കിൽ പിന്നെ ആരാണ് ഇത്രയും പണം എൻഡിടിവിക്ക് നല്കാൻ നിർദ്ദേശിച്ചത് എന്നത് അന്വേഷിക്കേണ്ടതായിരുന്നു. അത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കണമെങ്കിൽ എന്ഡിടിവിയുടെ തലപ്പത്തുള്ളവരെ ചോദ്യം ചെയ്യണം. അതാണ് ഇന്നിപ്പോൾ ആരംഭിച്ചിരിക്കുന്നത് എന്നുവേണം കരുതാൻ.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനകം തന്നെ ഫെമ ലംഘനത്തിന് എൻഡിടിവിക്കെതിരേ കേസെടുത്തിരുന്നു. 2, 030 കോടിയാണ് അതിലുൾപ്പെട്ടത് . അത്രയും തുക ഫൈൻ അടക്കാനാണ് നിർദ്ദേശം. അതിപ്പോൾ ആര്ബിട്രേഷനിലാണ്. ആർബിഐ തലവനാണ് അതിലിടപെട്ടിരുന്നത് . എന്നാലത് ഫെമയിൽ പെടുത്താവുന്ന കേസല്ലെന്നും മറിച്ച് സാമ്പത്തിക ക്രമക്കേടായി കാണേണ്ടതുണ്ടെന്നും സ്വാമി ചൂണ്ടിക്കാണിക്കുന്നു. ലണ്ടനിൽ ഒരു കമ്പനി രൂപീകരിച്ചു കള്ളപ്പണം ഇന്ത്യയിലേക്ക് വഴിവിട്ടുകൊണ്ടുവരുകയാണ് ചെയ്തത്. എൻഡിടിവി നെറ്റ് വർക്സ് പിഎൽസി എന്നതാണ് ആ ലണ്ടൻ കമ്പനിയുടെ പേരു് . അതിന്റെയും എൻഡിടിവിയുടെയും ഡയറക്ടർമാർ ഒന്നുതന്നെയാണ്. അവർ പ്രണോയ് റോയ്, രാധിക റോയ്, ബർഖാ ദത്ത് , വിക്രം ചന്ദ്ര, സോണിയ സിങ്, സുപർണ സിങ് എന്നിവർ സ്വാമി പറയുന്നു.
ഇവിടെ നാം മറന്നുപോകാൻ പാടില്ലാത്ത മറ്റൊരു കാര്യം നീര റാഡിയ ടേപ്പുകൾ സംബന്ധിച്ച വിവരങ്ങളാണ്. അതിലുൾപ്പെട്ടയാളാണ് എന്ഡിടിവിയുടെ ഒരു ഡയറക്ടർ. അവരുടെ ശബ്ദരേഖ അന്ന് വെളിച്ചം കണ്ടതുമാണ്. അക്കാലത്ത് ടിവി സ്ക്രീനിൽ നിന്നും ഒഴിഞ്ഞുനിന്ന അവർ പിന്നീട് എൻഡിടിവി വിടുകയും പലപ്പോഴും ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന ഒരു ആക്ഷേപത്തിന് വിധേയയാവുകായും ചെയ്തതാണ് .
Post Your Comments