മാനന്തവാടി•രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം കൂടുതലുള്ള മേഖല എന്ന നിലയിലും വയനാട്ടില്‍ ദേശവിരുദ്ധ ശക്തികളും തീവ്രവാദ വിഭാഗങ്ങളും ഒളിത്താവളം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് നിതാന്ത ജാഗ്രത ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയില്‍ പുതുതായി പണികഴിപ്പിച്ച ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന്റെയും മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളുടെയും ഉദ്ഘാടനം ജില്ലാ പോലീസ് ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്രമസമാധാന നില മെച്ചപ്പെട്ട ജില്ലയാണ് വയനാട്. എന്നാല്‍ അടുത്തകാലത്ത് ഉണ്ടായ ചില സംഭവങ്ങള്‍ വലിയ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. കുറ്റവാളികളോട് കാര്‍ക്കശ്യവും സാമാന്യ ജനങ്ങളോട് മൃദുസമീപനവും എടുക്കുന്ന ജനപക്ഷ പോലീസാണ് സര്‍ക്കാരിന്റെ നയം. ജനങ്ങള്‍ക്കെതിരെയോ ചൂഷകരുടെ പക്ഷത്തോ നില്‍ക്കാന്‍ പാടില്ല. മോശം ശൈലി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടി ഉണ്ടാകും. നീതിയും സുരക്ഷയും പക്ഷപാതിത്വം ഇല്ലാതെ നടപ്പാക്കി പൊലീസ് ഡ്യൂട്ടി ചെയ്യുകയാണ് വേണ്ടത്. ഇതില്‍ നിന്ന് വ്യതിചലിക്കുന്നവരോട് മൃദുസമീപനം ഉണ്ടാകില്ല.
സൈബര്‍ മേഖലയിലുള്‍പ്പടെ നടക്കുന്ന എല്ലാവിധ കുറ്റകൃത്യങ്ങളും തടയാന്‍ പൊലീസ് സേനയെ സജ്ജമാക്കും. പൊലീസില്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കും. മൂന്നാം മുറ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ശക്തമായ നടപടിയിലേക്ക് നീങ്ങും. പൊലീസ് സേനയുടെ ആധുനികീകരണത്തിനായി 30 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 451 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. പൊലീസില്‍ ഒരു വനിതാ ബറ്റാലിയന്‍ തന്നെ ഉണ്ടാക്കുകയാണ്. ഏറെക്കാലത്തെ ആവശ്യമായിരുന്ന 400 ഡ്രൈവര്‍ തസ്തിക സൃഷ്ടിച്ചു. ഏഴുബെറ്റാലിയനുകളില്‍ കമാന്‍ഡോ യൂണിറ്റുകള്‍ തുടങ്ങും. ചരിത്രത്തില്‍ ആദ്യമായി കേരളാ പൊലീസില്‍ ഒരു വനിതാ കമാന്‍ഡോ വിങ് രൂപവത്കരിക്കാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ എം.ഐ.ഷാനവാസ് എം.പി. മുഖ്യാതിഥിയായി. എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, ഡി.ജി.പി. ടി.പി. സെന്‍കുമാര്‍, എ.ഡി.എം. കെ.എം.രാജു, കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി.പി. മഹിപാല്‍ യാദവ്, ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മറ്റ് വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, പൊലീസ് സംഘടനാ നേതാക്കളായ കെ.പി.രാധാകൃഷ്ണന്‍, സണ്ണിജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പൊലീസ് പ്രവര്‍ത്തനങ്ങളുടെ ഏകോപന കേന്ദ്രമായി പുതിയ മന്ദിരം പ്രവര്‍ത്തിക്കും. ജില്ലാ ക്രൈം ബ്രാഞ്ച്, സൈബര്‍സെല്‍, നാര്‍ക്കോട്ടിക് സെല്‍ തുടങ്ങിയ വിഭാഗങ്ങള്‍ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തിക്കും.
Post Your Comments