കാസര്‍ഗോഡ്: അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) കേന്ദ്രങ്ങള്‍ക്കുനേരേ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കേരളത്തില്‍നിന്ന് ഐ.എസില്‍ ചേര്‍ന്ന ഒന്‍പതുപേര്‍കൂടി കൊല്ലപ്പെട്ടതായി സംശയം. ഐ.എസ്. കേരള ഘടകത്തിന്റെ അമീര്‍ കോഴിക്കോട് സ്വദേശി സജീര്‍ അബ്ദുള്ളയും കൊല്ലപ്പെട്ടതായാണ് വിവരം.
ആക്രമണത്തില്‍ അഞ്ചിലേറെ മലയാളികള്‍ കൊല്ലപ്പെട്ടതായി നേരത്തേ സൂചന ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാന്‍, അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. അഫ്ഗാനില്‍ നിന്ന് ഇറാഖിലെ ഐ.എസ്. കേന്ദ്രത്തിലേക്കുള്ള സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്നാണ് കൂടുതല്‍പ്പേര്‍ മരിച്ചതായി സംശയിക്കുന്നത്.
ഇന്‍സ്റ്റഗ്രാം വഴി അയച്ച സന്ദേശങ്ങളില്‍ കാണുന്ന ദായേഷ് അല്‍ ഹിന്ദ് എന്നുതുടങ്ങുന്ന ചില കോഡ് വാക്യങ്ങള്‍ സജീറിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് സൂചന.അഫ്ഗാന്‍, അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്.
മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാലും മണ്ണുമൂടിയതിനാലും കൃത്യമായി സ്ഥിരീകരിക്കാനാവില്ലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കരുതുന്നത്. അഫ്ഗാന്‍ ഏജന്‍സികള്‍ നല്‍കുന്ന പുതിയ സൂചനയനുസരിച്ച് കേരളത്തില്‍നിന്ന് ഐ.എസിലെത്തിയ 21 പേരില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
Post Your Comments