ആലുവ: പോലീസിനെയും ജനങ്ങളെയും ആശങ്കയിലാക്കി ആലുവ റെയില്‍വേ സ്റ്റേഷന് ബോംബു വച്ച് തകര്‍ക്കുമെന്ന അഞ്ചാം ക്ലാസുകാരന്റെ ഫോണ്‍ സന്ദേശം. ബുധനാഴ്ച രാത്രി ഏഴരയോടെ ആലുവ പോലീസ് കണ്ട്രോള് റൂമിലാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത്. തന്റെ പേര് രാജപ്പനെന്നാണെന്നും സുഹൃത്ത് തങ്കപ്പന് ബോംബുമായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്നും ഉടന്‍ തകര്‍ക്കുമെന്നുമായിരുന്നു സന്ദേശം.
കളമശ്ശേരിയില്‍ നിന്ന് ഡോഗ് സ്ക്വാഡിനെയും ബോംബ് സ്ക്വാഡിനെയും വിളിച്ചുവരുത്തി പോലീസ് സംഘം റെയിൽവേ സ്റ്റേഷനിലെത്തി പരിശോധനയാരംഭിച്ചു. ഇതോടെ യാത്രക്കാരെല്ലാം ആശങ്കയിലായി. ഇതിനിടയില്‍ സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കോതമംഗലം സ്വദേശിനിയുടെ പേരിലുള്ളതാണ് നമ്പരെന്ന് കണ്ടെത്തി. ഇവരുടെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ അങ്ങനെയൊരു കാൾ വിളിച്ചിട്ടില്ല എന്നായിരുന്നു മറുപടി. തുടർന്ന് ഇവരുടെ മകനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. കുട്ടിയെന്ന പരിഗണനയില്‍ ആലുവ പോലീസ് കേസെടുത്തിട്ടില്ല.
Post Your Comments