ബെംഗളൂരു: യാത്രാമധ്യേ സ്ത്രീകളാരെങ്കിലും ലിഫ്റ്റ് ചോദിച്ചാൽ ഒന്നാലോചിച്ചിട്ട് വേണം ഇനി വാഹനം നിർത്താൻ.കാരണം മുളകുപൊടി കണ്ണിൽ വിതറിയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചും നിങ്ങളെ കവർച്ച ചെയ്യാൻ റോഡിനിരുവശവും വൻ സംഘം പതിയിരിപ്പുണ്ട്.കേരള–തമിഴ്നാട് റജിസ്ട്രേഷൻ വാഹനങ്ങൾ ലക്ഷ്യമിട്ടു കവർച്ച പതിവാക്കിയ സംഘത്തിലെ 15 പേരെയാണ് കഴിഞ്ഞ ദിവസം മണ്ഡ്യ ശ്രീരംഗപട്ടണ റൂറൽ പൊലീസ് പിടികൂടിയത്.ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്.ഇവരുടെ വാഹനത്തിൽനിന്നു മുളകുപൊടി–കുരുമുളകുപൊടി പായ്ക്കറ്റുകൾ, തോക്ക്, 18 തിരകൾ, മാരകായുധങ്ങൾ എന്നിവായും കണ്ടെടുത്തു.
ഷെട്ടിഹള്ളിയിൽ റോഡരികിലെ കാറിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറുപേർ കവർച്ച ആസൂത്രണം ചെയ്യുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കവർച്ചാസംഘം കുടുങ്ങിയത്.മുംബൈ സ്വദേശി സലീം നേതൃത്വം നൽകിയിരുന്ന സംഘം മൈസൂരു സ്വദേശിനി ഖുശി, ബെംഗളൂരു സ്വദേശിനി പ്രേമ എന്നിവരെ ഉപയോഗിച്ചാണ് കവർച്ചനടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.ദേശീയപാതയിൽ വിജനമായ സ്ഥലത്തു തമ്പടിക്കുന്ന സംഘം യുവതികളെ ഉപയോഗിച്ചു ലിഫ്റ്റ് ചോദിക്കാനെന്ന വ്യാജേന വാഹനം നിർത്തിക്കും. ഉടൻ തന്നെ മറ്റുള്ളവർ വാഹനം വളഞ്ഞ് ഡ്രൈവറെ ആക്രമിച്ച് പണവും മറ്റും തട്ടിയെടുക്കും.ചില അവസരങ്ങളിൽ യുവതികൾ ലിഫ്റ്റ് ചോദിച്ചു വാഹനത്തിൽ കയറി ഡ്രൈവറെ വിജനമായ സ്ഥലത്തെത്തിച്ചും കവർച്ച നടത്തിയിരുന്നതായും പോലീസ് വെളിപ്പെടുത്തുകയുണ്ടായി .
Post Your Comments