ന്യൂഡല്‍ഹി: കാശുകാരിയാണെന്ന് ബന്ധുക്കളെ കാണിക്കാനായി മോഷ്ടിച്ച കാറുമായെത്തിയ യുവതിയെ പൊലീസ് പിടികൂടി. ഡെറാഡൂണില്‍ ടാക്സി ഡ്രൈവറായ സുബാം ശര്‍മ നല്കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ഒക്ടോബര്‍ 3നാണ് ശര്‍മ പരാതി നല്‍കിയത്.
രണ്ടു യുവതികളും യുവാവുമടങ്ങുന്ന സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കാര്‍ തട്ടിയെടുത്തുവെന്നായിരുന്നു ശര്‍മ്മയുടെ പരാതി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗസാല എന്ന സപ്നയും വംശ് വര്‍മയും പൊലീസ് പിടിയിലായത്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും ടാക്സി ബുക്ക് ചെയ്ത ശേഷം യാത്രക്കിടെ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറുമായി കടന്നു കളയുകയായിരുന്നു. പിടിയിലായ രണ്ടുപേരും 26കാരാണെന്ന് പൊലീസ് അറിയിച്ചു.
2009 ല്‍ വിവാഹിതയായ സപ്ന ഭര്‍ത്താവുമായി പിണങ്ങി വംശിനൊപ്പം ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. ബന്ധുക്കളുമായി അത്ര രസത്തിലല്ലാതിരുന്നതിനാല്‍ അവരില്‍ മതിപ്പുളവാക്കാന്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് സപ്ന മോഷണത്തിനൊരുങ്ങിയത്. സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കാറുമായി പോയി മടങ്ങിയെത്തിയ ശേഷം രഘുബീര്‍ നഗറിനു സമീപം കാര്‍ ഉപേക്ഷിക്കുകയായിരുന്നു.
കാറില്‍ ഘടിപ്പിച്ച ജിപിഎസ് ഉപകരണമാണ് പൊലീസിനെ കാര്‍ കണ്ടെത്താന്‍ സഹായിച്ചത്. നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് കാര്‍ ഉപയോഗിച്ചത്. രഘുബീര്‍ നഗറിലെ ഒരാളുടെ പക്കല്‍ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്നും സപ്നയും വംശും പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ സഹായിച്ച മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു.
Post Your Comments