KeralaNews

സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ചാണ്ടിക്ക് വീണ്ടും നിയമത്തിന്‍റെ വക തിരിച്ചടി

ബെംഗളൂരു : സോളാർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വീണ്ടും കനത്ത തിരിച്ചടി. ബംഗളുരു സിറ്റി അഡീഷണല്‍ സിറ്റി ആന്‍ഡ് സിവില്‍ കോടതിയുടെ വിധി നടപ്പാക്കുന്നത് നിര്‍ത്തി വെയ്ക്കണം എന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ജില്ലാ കോടതി തള്ളിയതാണ് തിരിച്ചടിയായത്.

കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്നും ശിക്ഷാവിധി നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നുമുള്ള ഉമ്മൻ ചാണ്ടിയുടെ വാദം കോടതി അംഗീകരിച്ചില്ല. കേസില്‍ വാദം കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് ജില്ലാ കോടതി നിലപാടെടുത്തു. ഇതേ തുടർന്ന് കേസില്‍ ഈ മാസം 14നകം മറുപടി നല്‍കാന്‍ ബംഗളുരു ജില്ലാ കോടതി എംകെ കുരുവിളയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ബംഗളുരുവിലെ വ്യവസായി എംകെ കുരുവിളയ്ക്ക് നഷ്ടപ്പെട്ട തുകയായ 1.61 കോടി രൂപ എല്ലാ പ്രതികളും ചേര്‍ന്ന് മൂന്നു മാസത്തിനകം നല്‍കണമെന്നാണ് കോടതി നിർദേശം. തുകയ്ക്ക് പുറമെ കോടതി ചിലവും വക്കീല്‍ ഫീസും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതിയായ ഉമ്മന്‍ചാണ്ടിയും അടുപ്പക്കാരും ചേര്‍ന്ന് ദക്ഷിണ കൊറിയയില്‍നിന്ന് സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ക്ലിയറന്‍സ് സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു പരാതി. ഉമ്മന്‍ ചാണ്ടി, ബന്ധു ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് കേസ്. 2015 മാര്‍ച്ച് 23നാണ് കുരുവിള പരാതി നല്‍കിയത്.

എറണാകുളം ആസ്ഥാനമായുളള സോസ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ്, സോസ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ വഴി സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതി. ഇരു കമ്പനികൾക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി നേരിട്ടും ഫോണിലൂടേയും ഉറപ്പു നല്‍കിയെന്നാണ് കുരുവിള പരാതിയില്‍ പറയുന്നത്. 2012 ഒക്ടോബര്‍ 11ന് ക്ലിഫ് ഹൗസില്‍ നടത്തിയ നാല്‍പ്പത് മിനിട്ട് കൂടിക്കാഴ്ചയില്‍ ഉറപ്പുകള്‍ ആവര്‍ത്തിച്ചതായും, 4000 കോടി രൂപയുടെ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നാല്‍പ്പത് ശതമാനം, അതായത് 1600 കോടി രൂപ വാങ്ങാനുളള ഏര്‍പ്പാട് ചെയ്യാമെന്നും പ്രത്യുപകാരമായി 1000 കോടി രൂപ നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായും പറയുന്നു.

സോളാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കണമെങ്കില്‍ കോടികള്‍ നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി നേരിട്ട് ആവശ്യപ്പെട്ടു. ഇക്കാര്യം സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മിഷനു മുൻമ്പാകെ എംകെ കുരുവിള മൊഴി നൽകിയിട്ടുണ്ട്‌. പല തവണ ഫോണില്‍ ഉമ്മന്‍ ചാണ്ടിയുമായി പദ്ധതിയുടെ വിശദാംശങ്ങള്‍ സംസാരിച്ചു. പദ്ധതിക്കായി കോടികള്‍ ആവശ്യപ്പെടുകയും. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള സൗരോര്‍ജജ പദ്ധതിക്കായി പുതിയ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തന്നോട് 25 ശതമാനം കമ്മീഷനാവശ്യപ്പെട്ടുവെന്നും കുരുവിള മൊഴി നൽകി. മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട ആന്‍ഡ്രൂസ് എന്നയാളാണ് കേരളത്തിലെ പദ്ധതിയില്‍ പങ്കാളികളാകാന്‍ തന്നെ നിര്‍ബന്ധിച്ചത്. ലണ്ടന്‍ ആസ്ഥാനമായ കമ്പനി 4000 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്ന് തന്നെ അറിയിച്ച ആന്‍ഡ്രൂസ് വഴി ഉമ്മന്‍ ചാണ്ടിയുമായി തിരുവനന്തപുരത്ത് 45 മിനിറ്റ് കൂടിക്കാഴ്ച നടത്തുകയും പദ്ധതിക്ക് അംഗീകാരം കിട്ടാന്‍ കോടികള്‍ കോഴയായി നല്‍കണമെന്നും ആവശ്യപ്പെട്ടു.

വിശദാംശങ്ങള്‍ സംസാരിക്കുന്നതിന് രണ്ട് ഫോണ്‍നമ്പറുകള്‍ നല്‍കി. ഒന്ന് പകലും മറ്റൊന്ന് രാത്രിയിലും ഉപയോഗിക്കാനായിരുന്നു. ഈ നമ്പറുകളില്‍ വിളിച്ചാല്‍ ഗണ്‍മാന്‍ സലിംരാജ് ഫോണെടുത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു പതിവ്. പിന്നീട് പദ്ധതിയെക്കുറിച്ച് സംശയം തോന്നിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് പരാതി നല്‍കി. പരാതി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഒന്നും ഉണ്ടായില്ല.

തുടര്‍ന്ന് പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കി ഒരുമാസം ജയിലില്‍ അടച്ചെന്നും കുരുവിള ആരോപിക്കുന്നു. സത്യം വെളിപ്പെടാന്‍ മുന്‍ മുഖ്യമന്ത്രിയേയും അന്നത്തെ ഡിജിപിയേയും കമ്മിഷന്‍ വിസ്തരിക്കണമെന്നും എംകെ കുരുവിള ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വന്തമായി സ്ഥാപനമുണ്ടെന്ന് എംകെ കുരുവിള നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്റ്റാര്‍ ഫ്‌ളേക് എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരന്‍ ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധു സാജന്‍ വര്‍ഗ്ഗീസ് എന്നയാളാണ്. ഉമ്മന്‍ചാണ്ടിക്ക് അമേരിക്കയില്‍ മുന്നൂറ് ഏക്കര്‍ തേക്കിന്‍ തോട്ടമുണ്ട്, ഇവര്‍ ഇത് കയറ്റുമതി ചെയ്യുന്നുണ്ട്. തുടങ്ങിയ വസ്തുതകള്‍ കുരുവിള ശിവരാജന്‍ കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയില്‍ . വ്യക്തമാക്കുകയും,സമാന വസ്തുതകള്‍ ചേര്‍ത്തു ബംഗളുരു കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button