KeralaLatest NewsNews

സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി: ഉമ്മന്‍ചാണ്ടി

വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് യുഡിഎഫ് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്.

തിരുവനന്തപുരം: മുന്‍ യൂഡിഎഫ് സര്‍ക്കാറിന്റെ സബര്‍ബന്‍ റെയില്‍ പദ്ധതി ഓര്‍മ്മിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയാവുമെന്നാണ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി. വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് യുഡിഎഫ് കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കെ റെയില്‍ പദ്ധതിക്ക് 2 ലക്ഷം കോടി രൂപ ചെലവു വരുമ്പോള്‍ 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന കെ റെയിലിനെതിരേ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയില്‍.വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 2007-08ലെ ബജറ്റില്‍ കെ റെയിലിനു സമാനമായ അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുകയും ഡിഎംആര്‍സിയെ കസള്‍ട്ടന്റായി നിയമിക്കുകയും ചെയ്തു. അവര്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ 1.27 ലക്ഷം കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് യുഡിഎഫ് വേണ്ടെന്നു വച്ചു.

തുടര്‍ന്നാണ് ചെലവു കുറഞ്ഞതും അനായാസം നടപ്പാക്കാവുന്നതുമായ സബര്‍ബന്‍ പദ്ധതി പരിഗണിച്ചത്. 1943 കോടി രൂപയ്ക്ക് ചെങ്ങൂന്നുര്‍ വരെയുള്ള 125 കിമീ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം എടുത്തത്. അതിന് 70 ഏക്കര്‍ സ്ഥലം മതി. നിലവിലുള്ള ലൈനുകളില്‍ക്കൂടി മാത്രമാണ് സബര്‍ബന്‍ ഓടുന്നത്. ചെങ്ങന്നൂര്‍ വരെ ഇരട്ടപ്പാത ഉണ്ടായിരുന്നതുകൊണ്ടും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് പൈലറ്റ് പദ്ധതി ഏറ്റെടുത്തത്. എല്ലാ അനുമതിയും ലഭിച്ചാല്‍ 3 വര്‍ഷംകൊണ്ട് പദ്ധതി നടപ്പാക്കാനാകും. നിലവിലുള്ള സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവര്‍ത്തുക, പ്ലാറ്റ്ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികല്‍.

ഇതോടെ നിലവിലുള്ള ട്രെയിനുകളുടെ വേഗത വര്‍ധിക്കുന്നതോടൊപ്പം ഇരുപതോളം മെമു മോഡല്‍ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് 160 കിമീ വേഗതയില്‍ ഓടിക്കുവാനും കഴിയും. പൈലറ്റ് പദ്ധതിക്കുശേഷം കണ്ണൂര്‍ വരെ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനായിരുന്നു പരിപാടി. 125 കി.മീറ്ററിന് 1943 കോടി രൂപ വച്ച് 530 കിമീ പൂര്‍ത്തിയാക്കാന്‍ പതിനായിരം കോടിയോളം രൂപയും 75 ഏക്കര്‍ വച്ച് സ്ഥലമെടുപ്പ് കൂട്ടിയാല്‍ 300 ഏക്കറോളം സ്ഥലവും മതി. യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി റെയില്‍വെയുമായി ചേര്‍ന്ന് കമ്പനി രജിസ്റ്റര്‍ ചെയ്തു. 2014ല്‍ കേന്ദ്രഭരണം മാറിയതോടെ അവരുടെ പിന്തുണ കുറഞ്ഞു.

Read Also: കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമ പരിഗണന: മന്ത്രി വി ശിവൻകുട്ടി

പിണറായി സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റെയിലിലിന്റെ അന്തിമ റിപ്പോര്‍ട്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ നല്കിയത്. എന്നാല്‍ വിഎസ് സര്‍ക്കാരിന്റെ അതിവേഗ റെയിലും യുഡിഎഫ് സര്‍ക്കാരിന്റെ സബര്‍ബന്‍ റെയിലും ഒഴിവാക്കിയാണ് പിണറായി സര്‍ക്കാര്‍ കെ റെയിലിന്റെ പിന്നാലെ പോയത്. വന്‍കിട പദ്ധതികള്‍ക്കോ, വികസനത്തിനോ യുഡിഎഫ് ഒരിക്കലും എതിരല്ല. അതിന്റെ കുത്തകാവകാശം സിപിഎമ്മിനാണ്. മാറിയ പരിസ്ഥിതിയില്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതി വരുകയും ബദല്‍ സാധ്യതകള്‍ തേടാതിരിക്കുകയും ചെയ്യുമ്പോള്‍ അതിനെ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് പ്രതിരോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button