സോള്‍ : സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഫോണുകള്‍ കൈവശമുള്ളവരുടെ ശ്രദ്ധയ്ക്ക്, സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഫോണുകള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ആക്കാന്‍ കമ്പനിയുടെ അഭ്യര്‍ത്ഥന. ഈ വിഭാഗത്തില്‍പ്പെട്ട ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോണുകള്‍ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുവാനും ഉപയോഗിക്കുന്നത് നിര്‍ത്താനും കമ്പനി തന്നെ ഉപഭോക്താക്കളോട് നേരിട്ട് ആവശ്യപ്പെട്ടത്.
അതേസമയം സാംസങ്ങ്, ഗാലക്‌സി നോട്ട് 7ന്റെ നിര്‍മാണം സ്ഥിരമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഒരു ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഗാലക്‌സി നോട്ട് 7 ഫോണുകളുടെ എല്ലാത്തരത്തിലുള്ള വില്‍പനകളും കമ്പനി ഇതിനാല്‍ നിര്‍ത്തിവയ്ക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബറില്‍ 25 ലക്ഷത്തോളം ഗാലക്‌സി നോട്ട് 7 ഫോണുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവയ്ക്ക് പകരം പ്രശ്‌നങ്ങളില്ലാത്തതെന്ന പേരില്‍ ഫോണുകള്‍ നല്‍കുകയും ചെയ്തു.
എന്നാല്‍, പകരം നല്‍കിയ ഫോണുകളും ഇതേ അപകടം സൃഷ്ടിക്കുന്നത് വ്യാപകമായതോടെയാണ് ഇതിന്റെ ഉപയോഗം അവസാനിപ്പിക്കാന്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഗാലക്‌സി നോട്ട് 7 ഫോണില്‍നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎസില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന ഒരു വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ച സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ പരിഗണനയെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.
Post Your Comments