മനാമ : പ്രവാസി സംഘടനകൾ ബഹ്‌റിനിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു. കേരളത്തിൽനിന്നും സംഗീത−സാഹിത്യ രംഗത്തെ പ്രമുഖർ വിദ്യാരംഭം കുറിക്കുന്നതിനായി എത്തുന്നുണ്ട്. ബഹ്‌റിൻ കേരളീയ സമാജം, എസ്.എൻ.സി.എസ്, ഗുരുദേവ സോഷ്യൽ സൊസൈറ്റി, കാനൂ അയ്യപ്പക്ഷേത്രം, അറാദ് അയ്യപ്പക്ഷേത്രം എന്നീ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ് വിപുലമായി നടക്കും. ഈ മാസം ഒന്പതിന് കേരളീയ സമാജത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പരിപാടികൾക്ക് എട്ട് മണിക്ക് നടക്കുന്ന പഞ്ചരത്‌നകീർത്തനാലാപനത്തോടെ തുടക്കമാകും.
തുടർന്ന് ബി.കെ.എസ് അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. കേരളീയ സമാജത്തിൽ ഈ വർഷത്തെ വിദ്യാരംഭം ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം. ജയചന്ദ്രനും സംഗീതജ്ഞൻ കാവാലം ശ്രീകുമാറുമാണ്. എഴുത്തിനിരുത്തൽ ചടങ്ങ് വിജയദശമി ദിനമായ ഒക്ടോബർ 11ന് പുലർച്ചെ നാലര മണി മുതൽ ആരംഭിക്കും. 13ന് രാത്രി എട്ട് മണിക്ക് ജയചന്ദ്രനും കാവാലം ശ്രീകുമാറും ചേർന്ന് ‘രാഗോത്സവം’ എന്ന പേരിൽ സംഗീത വിരുന്നും സംഘടിപ്പിക്കും. ആറ്റുകാൽ ബാലസുബ്രഹ്മണ്യം വയലിനിലും ആദിച്ചനല്ലൂർ അനിൽകുമാർ ഘടത്തിലും രാജേഷ് നാഥ് മൃദംഗത്തിലും അകമ്പടി സേവിക്കും.
എഴുത്തിനിരുത്താനുള്ള അവസരം നൽകുന്നത് ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ്. താൽപര്യമുള്ളവർക്ക് ബഹ്റിൻ കേരളീയ സമാജം ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യാം. നവമിയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. വിശദ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി സുധി പുത്തൻ വേലിക്കര (39168899), കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി (39848091), ഹരികൃഷ്ണൻ (36691405) എന്നിവരുമായി ബന്ധപ്പെടാം.
കഴിഞ്ഞ ദിവസം വൈകീട്ട് സൽമാനിയയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്.എൻ.സി.എസിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ചെയർമാൻ കെ.വി പവിത്രൻ കൊടിയേറ്റം നടത്തി. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതം ആശംസിച്ചു. നവരാത്രി ആഘോഷ കമ്മിറ്റി കൺവീനർ ഷാജി കാർത്തികേയൻ സംസാരിച്ചു. വൈസ് ചെയർമാൻ രാജൻ ഡി. പണിക്കർ നന്ദി രേഖപ്പെടുത്തി. പ്രശസ്ത മലയാള കവി പ്രഫ. മധുസൂദനൻ നായരാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. കാനൂഗാർഡനിലെ സംഘടനയുടെ ആസ്ഥാനത്താണ് ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നവരാത്രി മഹോത്സവം നടക്കുന്നത്.
എല്ലാദിവസും രാത്രി 7.30 മുതൽ വിശേഷാൽ പൂജയും ദേവീകീർത്തനാലാപനവും ഉണ്ടായിരിക്കും. വിജയദശമി നാളിൽ പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. മഹാനവമി നാളിൽ വൈകീട്ട് 7.30 മുതൽ വേണുഗോപാലുംബഹ്‌റിനിലെ കലാകാരന്‍മാരും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും.
കേരള സോഷ്യൽ ആന്റ് കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സർവ്വഐശ്വര്യ പൂജയും ഭാഗവത പ്രഭാഷണവും നടക്കും. വിജയദശമി ദിനത്തിൽ സംസ്‌കൃത പണ്ധിതൻ ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. അറാദ് ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് സവിശേഷ പൂജകൾ നടക്കുന്നുണ്ട്. വിജയദശമി നാളിൽ പ്രഭാഷകനായ സാബു ശംഭു നന്പൂതിരി കുട്ടികളെ എഴുത്തിനിരുത്തും.
Post Your Comments