Editorial

മുഖ്യമന്ത്രിയുടെ പോസിറ്റീവ് ആയ തീരുമാനത്തെ കണ്ണുമടച്ച് എതിര്‍ക്കുന്നതെന്തിന്?

ഗീതാ ഗോപിനാഥ് ഇന്ന്‍ ലോകത്തുള്ള അഗ്രഗണ്യരായ സാമ്പത്തികവിദഗ്ദരുടെ ഗണത്തില്‍ പെട്ടയാളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗീതാ ഗോപിനാഥിനെ തന്‍റെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചതിനെ യാതൊരു വീണ്ടുവിചാരവുമില്ലാതെ എതിര്‍ക്കുകയാണ് ചിലര്‍. ഒരു കാര്യം വ്യക്തമാണ്, ഇക്കൂട്ടര്‍ക്ക് ഗീതാ ഗോപിനാഥ്‌ ആരാണെന്നും, എന്തിനു വേണ്ടിയാണ് മുഖ്യമന്ത്രി അവരെ ഇത്തരത്തില്‍ തന്ത്രപ്രധാനമായ ഒരു പദവിയില്‍ നിയമിച്ചത് എന്നതിനെക്കുറിച്ചും വലിയ ധാരണകളൊന്നുമുണ്ടാകാന്‍ വഴിയില്ല. ഗീത അമേരിക്കയില്‍ പഠിച്ച് അവിടെ പ്രവര്‍ത്തിക്കുന്ന ആളായതിനാല്‍ നവ-ലിബറല്‍ സാമ്പത്തികനയങ്ങളുടെ പ്രയോക്താവാണെന്നും, നരേന്ദ്രമോദിയുടെ സാമ്പത്തികനയങ്ങള്‍ക്ക് ഗീത പിന്തുണ നല്‍കിയിട്ടുണ്ട് എന്നുമൊക്കെയാണ് എതിര്‍പ്പുമായി നടക്കുന്നവര്‍ ഒളിഞ്ഞുംതെളിഞ്ഞും എയ്തുവിടുന്ന ആരോപണങ്ങള്‍.

ഈ ആരോപണങ്ങള്‍ നടത്തുന്നവരിലെ ആശങ്ക കണ്ടാല്‍തോന്നുക മുഖ്യമന്ത്രി ഏതോ അന്താരാഷ്‌ട്ര കുറ്റവാളിയെ സംസ്ഥാന ഗവണ്മെന്‍റിന്‍റെ ഭാഗമാക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെയാണ് ഇവരൊക്കെ പ്രതികരിക്കുന്നത് എന്നാണ്. നവലിബറല്‍ നയങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ഒരു സമ്പദ്ഘടനയ്ക്കും ആഗോളവത്കരണത്തിന്‍റെ ഇക്കാലത്ത് പിടിച്ചുനില്ക്കാന്‍ കഴിയില്ല എന്ന ഉത്തമബോധ്യത്തോടെയായിരിക്കണം മുഖ്യമന്ത്രി ഗീതാ ഗോപിനാഥിനെ നിയമിച്ചത്. കേരളമെന്ന കൊച്ചുസംസ്ഥാനത്തേക്ക് ലോകത്തെ വന്‍സാമ്പത്തികശക്തികളായ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കേണ്ടതും മറ്റുമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ ലിബറല്‍ നയങ്ങളെപ്പറ്റി അവഗാഹമുള്ള ഒരു ഉപദേഷ്ടാവിന്‍റെ സാന്നിധ്യം സംസ്ഥാനത്തിനും മന്ത്രിസഭയ്ക്കും ഗുണമേ ചെയ്യൂ.

ഡോ. ഗീതാ ഗോപിനാഥ് തന്‍റെ അധികാരപരിധിയില്‍ വരുന്ന ഏതു വിഷയത്തില്‍ വിദഗ്ദോപദേശം നല്‍കിയാലും മുഖ്യമന്ത്രി അതെല്ലാം അതേപടി അംഗീകരിക്കണം എന്നത് നിര്‍ബന്ധം അല്ല. തന്‍റെ മന്ത്രിസഭയുടെ നയങ്ങള്‍ക്ക് ചേരുന്ന രീതിയിലുള്ള കാര്യങ്ങള്‍ മാത്രം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം മുഖ്യമന്ത്രിക്കുണ്ട്. ലോകത്തെ തന്നെ ഏറ്റവും പ്രൊഫഷണല്‍ ആയ ഒരു പരിതസ്ഥിതിയില്‍ പ്രവര്‍ത്തിച്ച പരിചയവുമായി വരുന്ന ഡോ. ഗീതയ്ക്ക് ഈക്കാര്യം പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ട കാര്യവും ഇല്ല.

ഇതൊന്നും മനസിലാക്കാതെ ഡോ. ഗീതാ ഗോപിനാഥ് എന്ന് കേട്ടപ്പോഴേക്കും അവര്‍ നവഉദാരവല്‍ക്കരനത്ത്തിന്റെ വക്താവാണ്, മോദിയുടെ നയങ്ങളെ ശരിവെക്കുന്ന ആളാണ്‌, പെട്രോള്‍ വിലനിയന്ത്രണത്തെ എടുത്തു കളഞ്ഞപ്പോള്‍ അനുകൂലിച്ച ആളാണ്‌ എന്ന് തുടങ്ങി അവരെ ആധികാരികമായി വിലയിരുത്തി എഴുതിത്തള്ളിയവര്‍ ഒന്നുകില്‍ വിഷയത്തില്‍ പൂര്‍ണ്ണമായി അജ്ഞരാണ്, അല്ലെങ്കില്‍ മറ്റെന്തെക്കെയോ താത്പര്യങ്ങളാണ് അവരുടെ ചിന്താരീതികളെ സ്വാധീനിക്കുന്നത്.

പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കുന്നു എന്ന വാദവും അംഗീകരിക്കാനാവില്ല. നല്ല കാര്യം മോദി ചെയ്താലും പിണറായി ചെയ്താലും സ്വാഗതം ചെയ്യണം . അത് കൊണ്ട് രാഷ്ട്രത്തിനും സംസ്ഥാനത്തിനും സാമ്പത്തിക പുരോഗതി ഉണ്ടാവും എങ്കില്‍ അതില്‍ക്കവിഞ്ഞ പുനരാലോചനകളൊന്നും അവിടെ ആവശ്യമില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button