KeralaLatest NewsNews

വയനാട് ടൗൺഷിപ്പിലൂടെ കേരളം രേഖപ്പെടുത്തുന്നത് തനത് അതിജീവനചരിത്രം’: മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് ടൗൺഷിപ്പിലൂടെ കേരളത്തിന്റെ തനത് അതിജീവനചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ്‌ തറക്കല്ലിടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല എന്നും കിട്ടിയത് വായ്പ രൂപത്തിലുള്ള തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഴയ അനുഭവം വെച്ച് ഇനി സഹായം ലഭിക്കുമോ എന്ന് അറിയില്ല. കേന്ദ്രസഹായത്തിന്റെ അഭാവത്തിലും നാം എല്ലാവരും സഹകരിച്ച് അഭൂതപൂർവ്വമായ പുനരധിവാസം നടപ്പിലാക്കി. നാടിന്റെ അപൂര്‍വതയാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കാൻ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ വയനാട്ടിലെ ഈ പുനരധിവാസം ദേശീയതലത്തിലും അന്തർദേശീയതലത്തിലും മാതൃകയാകുമെന്നും ചരിത്രത്തിൽ അടയാളപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കത്വയിലെ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴ്‌ മാസങ്ങൾക്കിപ്പുറമാണ് മാതൃക ടൗൺഷിപ്പ്‌ ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം. ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറ.

ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷൻ തിയേറ്റർ, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ആറുമാസം കൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപ വീതം നൽകും.

2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 298 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർന്നു. ഒറ്റക്കെട്ടായി കേരളക്കര മുണ്ടക്കൈയേയും ചൂരൽമലയേയും ചേർത്തുപിടിച്ചു. സർക്കാരിനൊപ്പം രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും അയൽ സംസ്ഥാനങ്ങളും ഉൾപ്പടെ സഹായഹസ്തവുമായി എത്തി. ഇന്ന് ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു മാതൃക ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button