
തിരുവനന്തപുരം: വേനല്‍ച്ചൂട് കനക്കുകയാണ്. പകല്‍ പുറത്തിറങ്ങുമ്പോള്‍ അതീവ ദുഷ്‌കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി. ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവര്‍ ശ്രദ്ധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാല്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം എന്ന് അദ്ദേഹം കുറിക്കുന്നു. പകല്‍ ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കണം എന്നും അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
വേനല്‍ച്ചൂട് കനക്കുകയാണ്. പകല്‍ പുറത്തിറങ്ങുമ്പോള്‍ അതീവ ദുഷ്‌കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉയര്‍ന്ന തോതില്‍ തുടര്‍ച്ചയായി അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് സൂര്യാതപം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. സാരമായ പൊള്ളല്‍ ഏല്‍ക്കാം.
ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാല്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവരും തൊഴില്‍ദായകരും ജോലിസമയം ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ശ്രദ്ധിക്കണം. ചര്‍മ, നേത്രരോഗങ്ങളോ ക്യാന്‍സറോ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പാലിക്കണം.
പകല്‍ ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കണം. ശരീരം മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണുചിതം. യാത്രാ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
Post Your Comments