വാറങ്കല്‍: മനുഷ്യത്വത്തിന് മതഭേദമില്ലെന്ന് പഠിപ്പിക്കുകയാണ് തെലങ്കാനയില്‍ നിന്നുമുള്ള ഈ മതേതര മാതൃക. മതാചാരങ്ങളെപ്പോലും വെല്ലുവിളിച്ച് ഹിന്ദു സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയ മുസ്ലീം സഹോദരിയുടെ കഥയാണ് മനുഷ്യത്വത്തിന്റെ മുന്നില്‍ മതത്തിന് സ്ഥാനമില്ലെന്ന് സത്യം ഊട്ടിയുറപ്പിക്കുന്നത്.
വറങ്കല്‍ ജില്ലയിലെ ഒരു വൃദ്ധസദനത്തിലെ അന്തേവാസിയായ ശ്രീനീവാസനെന്ന 75കാരന്റെ മരണാനന്തര ചടങ്ങുകളാണ് അതേ സ്ഥാപനത്തിലെ അന്തേവാസികളിലൊരാളായ യാക്കൂബിയെന്ന മുസ്ലീം സ്ത്രീ മുന്‍കൈയെടുത്ത് നടത്തിയത്. അതും ഹിന്ദു ആചാരപ്രകാരത്തില്‍ തന്നെ.
ചൊവ്വാഴ്ചയാണ് രോഗബാധയെ തുടര്‍ന്ന് ശ്രീനിവാസന്‍ മരണപ്പെട്ടത്. സ്ഥാപനത്തിലെ നിയമം പ്രകാരം അദ്ദേഹത്തിന്റെ ബന്ധുക്കളെ വിവരമറിയുച്ചുവെങ്കിലും മൃതദേഹം ഏറ്റുവാങ്ങാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ ഇയാളുടെ കുടംബത്തില്‍ നിന്നും ആരും എത്തിയില്ല. എത്തിയില്ലെന്നു മാത്രമല്ല ബന്ധുക്കള്‍ ആരും സ്ഥലത്തില്ലെന്ന് സ്ഥാപനം നടത്തിപ്പുകാരെ അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ സ്ഥാപനത്തിലെ യാക്കൂബി തയ്യാറായത് അതും ഹിന്ദു മതാചാരപ്രകാരത്തില്‍ തന്നെ.
തയ്യല്‍ക്കാരനായി ദീര്‍ഘകാലം കുടുംബം പുലര്‍ത്തിയ ശ്രീനിവാസനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബം ഉപേക്ഷിച്ചത്. ഭാഗികമായി പക്ഷാഘാതം പിടിപെട്ട വൃദ്ധനെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കുകയാണ് മക്കള്‍ ചെയ്തത്.
തലയില്‍ കുടവുമേന്തി ചിതയ്ക്കു ചുറ്റും വലംവച്ച ആചാരപ്രാകരമുള്ള മരണാനന്തര ചടങ്ങുകള്‍ നടത്താനായി യാക്കൂബി തയ്യാറായപ്പോള്‍ സ്ഥാപനത്തിലെ മറ്റ് അന്തേവാസികളും ഇതിനെ പിന്തുണച്ചു.
സ്വന്തം മക്കള്‍ക്കു പോലും സ്വന്തം മാതാപിതാക്കളെ വേണ്ടാതാകുമ്പോള്‍ അവിടെ മതത്തിനും മതാചാരങ്ങള്‍ക്കും എന്ത് വിലയാണുള്ളതെന്നാണ് സ്ഥാപനത്തിന്റെ സ്ഥാപകനായ മെഹബൂബ് അലി ഏലിയാസ് ചോട്ടു ചോദിക്കുന്നത്. മനുഷ്യത്വം മരവിച്ചുവെന്ന മുറവിളികള് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഉയരുമ്പോള്‍ തെലങ്കാനയില്‍ നിന്നുള്ള ഈ സംഭവം വെളിവാക്കുന്നത് മതഭേദമില്ലാത്ത മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയാണ്.
Post Your Comments