പെരുമ്പാവൂര്‍ : ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. കനത്ത സുരക്ഷാ വലയത്തിലാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്.
ജഡ്ജിയുടെ ചേംബറിലാണ് പ്രതിയെ ഹാജരാക്കിയത്. മുഖം ഹെല്‍മറ്റ് ധരിപ്പിച്ചാണ് പൊലീസ് പ്രതിയെ കോടതിയിലെത്തിച്ചത്. കോടതി പരിസരത്ത് വന്‍ ജനാവലിയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഡോക്ടര്‍മാരെ ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതി അഭിഭാഷകനെ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അഡ്വ. പി രാജനെ അഭിഭാഷകനായി ചുമതലപ്പെടുത്തി. തുടര്‍ന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് പ്രതിയെ മാറ്റി. തിരിച്ചറിയല്‍ പരേഡിന് ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. നേരത്തെ ഇയാളെ ആലുവ പോലീസ് ക്ലബ്ബില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിശദമായി ചോദ്യം ചെയ്തിരുന്നു. ഉച്ചക്ക് 1.45 ഓടെ ആലുവയിലെ പൊലീസ് ക്ലബില്‍ എത്തിയ ഡി.ജി.പി ഒന്നര മണിക്കൂറോളം പ്രതിയെ ചോദ്യംചെയ്തു. കൊലപാതകം സംബന്ധിച്ച സംഭവങ്ങള്‍ സമയക്രമത്തില്‍ ഇയാള്‍ പൊലീസിനോട് വിശദീകരിച്ചതായാണ് വിവരം.
Post Your Comments