മനാമ : ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കിയതായി അഭ്യന്തരമന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, സേവനം നടത്തുന്ന സ്ഥാപനങ്ങൾ തുടങ്ങി ബഹ്റിനിലെ എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകൾ ആറ് മാസത്തിനുള്ളിൽ തന്നെ സ്ഥാപിക്കണമെന്നാണ് നിർദ്ദേശം. ആവശ്യമായി വന്നാൽ ഈ ക്യാമറകളെ ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കും.റസിഡൻഷ്യൽ കെട്ടിടങ്ങളിലും, പ്രത്യേക സുരക്ഷ ആവശ്യമുള്ള റിയൽ എസ്റ്റേറ്റ് മേഖലകളിലും വരെ ക്യാമറകൾ നിർബന്ധമാണ്.
എന്നാൽ കിടപ്പുമുറികൾ, വിശ്രമ മുറികൾ, വസ്ത്രം മാറുന്നതിനുള്ള മുറികൾ, ഫിസിയോതെറാപ്പി മുറികൾ, സ്ത്രീകൾക്കായുള്ള സ്വകാര്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ക്യാമറയുടെ എണ്ണം, സ്ഥാപിക്കേണ്ട സ്ഥലങ്ങൾ, തുടങ്ങിയവ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫെൻസ് ആയിരിക്കും തീരുമാനമെടുക്കുക. റെക്കോർഡ് ചെയ്ത ദൃശ്യങ്ങളും തെളിവുകളുമെല്ലാം 120 ദിവസം കൂടുമ്പോൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫെൻസ് അധികൃതർക്ക് കൈമാറണം.ഈ ദൃശ്യങ്ങൾ അനുമതി കൂടാതെ സൂക്ഷിച്ച് വെക്കുന്നതോ, മറ്റാർക്കെങ്കിലും അയച്ചു കൊടുക്കുന്നതോ ശിക്ഷാർഹമായിരിക്കും
Post Your Comments