കൊച്ചി: പെരുമ്പാവൂരിലെ ജിഷാ വധക്കേസില്‍ അന്വേഷണം പുതിയ സംഘത്തിന്. അന്വേഷണ ചുമതലയുള്ള ദക്ഷിണ മേഖല എ.ഡി.ജി.പി ബി.സന്ധ്യ ഇന്ന് ഓഫീസില്‍ എത്തി ചുമതലയേറ്റു. വൈകാതെ അന്വേഷണത്തെ പുനഃസംഘടിപ്പിച്ച് ഉത്തരവിറങ്ങി. കൊല്ലം റൂറല്‍ എസ്.പി അജിതാ ബീഗം, എസ്.പിമാരായ പി.എന്‍ ഉണ്ണിരാജന്‍, പി.കെ മധു എന്നിവര്‍ അടങ്ങുന്ന ഏഴംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
പഴയ സംഘത്തിലെ മുഴുവന്‍ പേരെയും ഒഴിവാക്കിയിട്ടുണ്ട്.
അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കുമെന്ന് എ.ഡി.ജി.പി ബി.സന്ധ്യ അറിയിച്ചു. പുതിയ അന്വേഷണ സംഘത്തിന്റെ യോഗം ഉടന്‍ ചേരും. നിലവില്‍ കേസ് അന്വേഷിച്ച സംഘവുമായി ചര്‍ച്ച നടത്തും. കേസ് തെളിയിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.
കൊലപാതകം നടന്ന ജിഷയുടെ പെരുമ്പാവൂരിലെ വീടും അമ്മയേയും സഹോദരിയേയൂം സന്ദര്‍ശിക്കുമെന്നും എ.ഡി.ജി.പി അറിയിച്ചു. ജിഷ കൊലക്കേസ് എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഏല്‍പ്പിക്കാന്‍ എല്‍.ഡി.എഫ് മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ തീരുമാനിച്ചിരുന്നു.
അതേസമയം, കേസില്‍ നേരിട്ട് ഹാജരാകാന്‍ വിസമ്മതിച്ച മുന്‍ അന്വേഷണ സംഘം മേധാവി ഐ.ജി മഹാിപാല്‍ യാദവും പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണക്കുറുപ്പും തമ്മിലുള്ള യുദ്ധം മുറുകി. റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഐ.ജിയുടെ നടപടിയെ ജസ്റ്റീസ് നാരായണക്കുറുപ്പ് വിമര്‍ശിച്ചു. അടുത്ത മാസം രണ്ടിന് ഐ.ജി അടക്കം അഞ്ച് ഓഫീസര്‍മാര്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഐ.ജിയുടെ നീക്കം.
Post Your Comments