പെരുമ്പാവൂർ സംഭവം: മാദ്ധ്യമങ്ങൾക്ക് തെറ്റുപറ്റിയില്ലേ ………….
പക്ഷപാതപരമായ പത്രപ്രവർത്തനം തിരിച്ചടിക്കില്ലേ?
കോണ്ഗ്രസിനുവേണ്ടി ചുമടുതാങ്ങുന്നവർ തിരുത്താൻ തയ്യാറാവുമോ?
കെവിഎസ് ഹരിദാസ്
പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ ദാരുണമായ, മൃഗീയമായ കൊലപാതകം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചു എന്നതിൽ സംശയമില്ല. അതുമായി ബന്ധപ്പെട്ട പ്രതി അല്ലെങ്കിൽ പ്രതികൾ ആരെന്നത് സംബന്ധിച്ച് ഇനിയും ആര്ക്കും ഒരു ധാരണയുമില്ല. പോലീസ് ഇരുട്ടിൽ തപ്പുകയാണ് എന്നും മറ്റും പലരും ആക്ഷേപിക്കുന്നത് കാണാം. സ്വാഭാവികമാണ്, യഥാർഥ പ്രതിയെ കിട്ടാത്ത സാഹചര്യത്തിൽ അവർക്ക് ജോലിയും ഉത്തരവാദിത്വവും വർദ്ധിക്കുന്നു. ഇവിടെ എന്നെ അലട്ടുന്ന ഒരു പ്രശ്നം ആ സംഭവം നമ്മുടെ മാധ്യമ പ്രവർത്തകർ അതിന്റേതായ ഗൌരവത്തിൽ അറിയാൻ ഏതാണ്ട് അഞ്ചു ദിവസമെടുത്തു എന്നതാണ്. അതെങ്ങിനെ സംഭവിച്ചു എന്നത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും വിലയിരുത്തിയോ എന്നറിയില്ല. എന്തായാലും അത് സംബന്ധിച്ച ഒരു സൂചനകളും മാധ്യമങ്ങളിൽ, സമൂഹ മാധ്യമങ്ങളിൽ അടക്കം, കണ്ടതായി തോന്നിയില്ല. അതടക്കം മാധ്യമ രംഗത്ത് അടുത്തിടെ കണ്ട ചില വിഷമങ്ങളാണ്, അല്ലെങ്കിൽ ദുസ്സൂചനകളാണ് അലട്ടുന്നത്. രാഷ്ട്രീയ താല്പര്യങ്ങൾക്കായി മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും പലപ്പോഴും ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം. എന്നാലത് ഇത്രത്തോളമാവാമോ എന്നതാണ് ചോദ്യം.
മാധ്യമ വിദ്യാർഥികൾ ഓർമ്മിക്കുന്ന ഒരു കഥയുണ്ട് അല്ലെങ്കിൽ ഉദാഹരണമുണ്ട്. മഹാകവി കുമാരനാശാൻ മരിച്ചത് ലോകമറിഞ്ഞത് അഞ്ചാം ദിവസമാണ് എന്നതാണത്. പല്ലനയാറ്റിൽ ബോട്ട് മുങ്ങിയാണ് അദ്ദേഹം മരണമടഞ്ഞത്. ആ വാർത്ത പുറം ലോകം അറിയാൻ അഞ്ചു ദിവസമെടുത്തു. 1924-ലാണ് ആ സംഭവം. അത്രയ്ക്കുള്ള വാർത്താ മാധ്യമ സംവിധാനങ്ങളെ അന്നുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നതല്ല സ്ഥിതി. ഇന്ന് അങ്ങിനെ ഒരു ബോട്ട് അപകടം സംഭവിച്ചാൽ അവിടെ നടന്നതും നടക്കുന്നതും ലൈവ് ആയി ജനങ്ങൾ കാണുമായിരുന്നു. സെക്കന്റു കൾക്കകം ലോകമെന്പാടും ആ വാർത്ത എത്തുമായിരുന്നു. ഇന്ന് ലോകം നമ്മുടെ ഒക്കെ വിരൽതുമ്പിലാണ് എന്നൊക്കെ പറയുന്നതും കാണാതെ പൊയ്ക്കൂടാ. അവിടെയാണ് ഒരു മൃഗീയ കൊലപാതകം അതിന്റെ രൌദ്ര ഭാവമറിയാതെ അഞ്ചുദിവസം ഒളിച്ചിരുന്നത്.
പെരുമ്പാവൂർ ഇന്ന് ചെറിയ പട്ടണമല്ല. ഒരു താലൂക്ക് ആസ്ഥാനമാണ്. കോടതികൾ, താലൂക്ക് ഓഫീസ്, മറ്റനവധി ഓഫീസുകൾ, കോളേജ്, വിദ്യാലയങ്ങൾ എന്നിങ്ങനെ എല്ലാമുള്ള സ്ഥലം. എംസി റോഡിലെ ഒരു പ്രധാന കേന്ദ്രവുമാണത് . അവിടന്ന് ആലുവക്ക് വെറും 18 കിലോമീറ്റർ മാത്രമേയുള്ളൂ. മുവാറ്റുപുഴക്ക് 22 കിലോമീറ്റർ. എറണാകുളത്തിന് 33 കിലോമീറ്ററും. കേരളത്തിലെ, അല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമ കേന്ദ്രമാണ് കൊച്ചി അഥവാ എറണാകുളം. അവിടത്തെ മാധ്യമ സുഹൃത്തുക്കൾക്ക് ഈ വാർത്ത വേണ്ടസമയത്ത് ലഭിച്ചില്ല. പെരുമ്പാവൂരിൽ എല്ലാ പത്രങ്ങൾക്കും ലേഖകന്മാരുണ്ട് ; ആലുവയിലും കൊലഞ്ചെരിയിലും മുവാറ്റുപുഴയിലും കാലടിയിലും ഒക്കെ മാധ്യമ പ്രവർത്തകരുണ്ട് ; പ്രാദേശിക പ്രസ് ക്ലബ്ബുകളുമുണ്ട് . എന്നാൽ അവരെല്ലാം ഇതറിയുന്നതിൽ , അല്ലെങ്കിൽ അതിന്റെ ഗൌരവം യഥാവിധി മനസിലാക്കുന്നതിൽ പരാജയപ്പെട്ടു. അതാണ് ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതെന്തുകൊണ്ട് സംഭവിച്ചു. ഇത് ആസൂത്രിതമായിരുന്നോ?. അതിനു പിന്നിൽ മറ്റെന്തെങ്കിലും അജണ്ട ഉണ്ടോ?.
എല്ലാ മാധ്യമ പ്രവർത്തകർക്കുമറിയാം, വഴിയെ പോയ ഒരു പശുവിനെ നായ് കടിച്ചാൽ പോലും വാർത്തയാക്കാൻ ഓടിനടക്കുന്ന പോലീസുകാരാണ് നമ്മുടെ നാട്ടിലുള്ളത്. അതൊക്കെ പത്രലേഖകരെ വിളിച്ച് അറിയിക്കാൻ പോലീസിൽ ഒരു സംവിധാനമുണ്ട്; അത് എല്ലാ പോലീസ് സ്റ്റെഷനിലുമുണ്ട് എന്നാണ് എന്റെ വിശ്വാസം. ഇന്ന് ഒരു പോക്കറ്റടിക്കാരനെ ബസിൽ വെച്ച് യാത്രക്കാർ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചാലും അതിന്റെ അവകാശവാദം ഉന്നയിക്കാൻ പത്രലേഖകരെ വിളിക്കുന്നവരെ കണ്ടിട്ടുണ്ട്. കാലം കുറച്ചൊക്കെ മാറിയെന്നത് സമ്മതിക്കുന്നു; പോലീസിന്റെ നിലവാരവും കുറെയൊക്കെ ഉയർന്നിട്ടുണ്ട്. എന്നാലും ഇതൊക്കെ ഇന്നും നടക്കുന്നുണ്ട്. അത്തരമൊരു പോലീസ് ഈ വിധത്തിലുള്ള കൊലപാതകം, അതും ഒരു പട്ടികജാതിക്കാരിയായ യുവതിയുടെ നിഷ്കരുണമായ വധം, എന്തുകൊണ്ട് പത്രലെഖകരിൽ നിന്നും ഒളിച്ചുവെച്ചു.?. സാധാരണ നിലക്ക് അത് ചെയ്യാൻ പോലീസ് തീരുമാനിക്കുന്നുവെങ്കിൽ അതിനു പിന്നിൽ ഏതെങ്കിലും വിധത്തിലുള്ള മേൽത്തട്ടിൽ നിന്നുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടാവും. അല്ലെങ്കിൽ ഇത് തിരഞ്ഞെടുപ്പുകാലമാണ്; ഈ വാർത്ത പുറം ലോകമറിഞ്ഞാൽ ഭരണ തുടർച്ച എന്നസ്വപ്നത്തെപ്പോലും ബാധിച്ചേക്കും എന്നൊക്കെ അവിടത്തെ പോലീസ് സ്റ്റെഷനിലെ എല്ലാ പോലീസുകാരും ഒരേ പോലെ ചിന്തിക്കുമോ ?. അങ്ങിനെ കരുതാൻ ഒരു കാരണവും ഞാൻ കാണുന്നില്ല. അതിനു വ്യക്തമായ കാരണവുമുണ്ട്. ഇന്നത്തെ പോലീസുകാരിൽ വലിയൊരു ശതമാനത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട് എന്നതുതന്നെയാണ് അതിനുള്ള പ്രധാന കാരണം . അങ്ങിനെയുള്ള ഒരു പോലീസുകാരന് അത്തരമൊരു പ്രശ്നം അവന്റെ പാർട്ടിക്കാരെ അറിയിക്കാതിരിക്കാൻ കഴിയില്ല. അതാണ് അവരുടെ കക്ഷി രാഷ്ട്രീയ ബന്ധം. പിന്നെ അത്രയൊക്കെ രഹസ്യം കാത്തു സൂക്ഷിക്കാൻ കഴിയുന്നവരല്ല ഇക്കാലത്തെ പോലീസുകാർ. അവരത് അറിഞ്ഞോ അറിയാതെയോ ആരോടെങ്കിലും പറയാതിരിക്കില്ല. ഇതിനെക്കാൾ കഠിനമായ ഇരുമ്പു മറ നിലവിലുണ്ടായിരുന്ന അടിയന്തരാവസ്ഥക്കാലത്ത് പോലും പോലീസുകാരിൽ നിന്ന് എത്രയോ രഹസ്യങ്ങൾ ചോർന്നിരിക്കുന്നു. അതുകൊണ്ടാണ് സൂചിപ്പിച്ചത് അതിങ്ങനെ ഇത്രനാൾ ഫ്രീസറിൽ വെക്കാൻ കഴിഞ്ഞത് അതിശയകരം തന്നെയെന്ന് .
അതൊക്കെ കഴിഞ്ഞ് ഈ സംഭവം പുറംലോകം അറിഞ്ഞപ്പോഴും അതിന്റെ പ്രാധാന്യം മറച്ചുവെക്കാൻ ചിലമാധ്യമങ്ങൾ എങ്കിലും ശ്രമിച്ചു. അതിനൊരു ചരമ വാർത്തയുടെ പ്രാധാന്യത്തിലധികം ഇല്ല എന്ന് കരുതിയവരെയും കണ്ടുവല്ലോ. ഒന്നാം പേജിൽ ആ വാർത്തക്ക് സ്പേസ് കണ്ടെത്താൻ വിഷമിച്ചവരും തീരെ സ്ഥലം കാണാനാവാതിരുന്നവരുമൊക്കെ ഇവിടെയുണ്ട്. ഒരു പക്ഷെ അതിന്റെ പ്രാധാന്യം ഇത്രത്തോളം ആണ് എന്ന് മനസിലാക്കാൻ കഴിയാതെ പോയതുകൊണ്ടാവാം. വളരെ നിഷ്പക്ഷമായി പ്രശ്നത്തെ സമീപിക്കുകയും അതിലേക്ക് രാഷ്ട്രീയം കടത്തിവിടണ്ട എന്ന് നിശ്ചയിക്കുകയും ചെയ്ത ചില ടിവി ചാനലുകളേയും ആദ്യദിനത്തിൽ കണ്ടു. അവരെ അഭിനന്ദിക്കാതെ വയ്യ. അതൊരു നല്ല ചിന്തയായിരുന്നു.
ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവല്ക്കരിക്കുന്നത് ഒരുതരത്തിലും ഗുണകരമല്ല എന്ന് ഇന്നിപ്പോൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിഎം സുധീരനും ഒരേ സ്വരത്തിൽ പറയുമ്പോൾ ഏറെ പുളകിതരാവും നാമെല്ലാം. എന്നാൽ ഏതാനും മാസം മുൻപ് അവരിതൊന്നുമല്ല ഇവിടെ പറഞ്ഞുനടന്നത് . ദൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് അവിടത്തെ ചില ക്രൈസ്തവ ദേവാലയത്തിൽ മോഷണ ശ്രമം ഉണ്ടായപ്പോൾ ചെന്നിത്തല- സുധീരൻമാർ നടത്തിയ പ്രസ്താവനകൾ നമ്മുടെ ഓർമ്മയിലുണ്ടാവും. യുപിയിലും ഹരിയാനയിലുമൊക്കെ ഇതുപോലെ ചില ആക്രമണങ്ങൾ നടന്നപ്പോൾ ഇക്കൂട്ടരുടെ നേതാവായ രാഹുൽ ഗാന്ധിയും പരിവാരവും നടത്തിയതരം താണ രാഷ്ട്രീയക്കളിയും നമ്മുടെയൊക്കെ മനസിലുണ്ട്. ഹൈദരാബാദ് സർവകലാശാലയിൽ ഒബിസി വിഭാഗത്തിൽ പെട്ട രോഹിത് വേണ്മൂല ആത്മഹത്യ ചെയ്തപ്പോൾ അതിനെ കൊലപാതകമാക്കൻ രാഹുലും പ്രഭൃതികളും നടത്തിയ കുത്സിത നീക്കങ്ങൾ മറക്കാൻ സമയമായിട്ടില്ല. ഒബിസി വിഭാഗത്തിൽ പെട്ടയാളെ പട്ടികജാതിക്കാരനാക്കി ചിത്രീകരിക്കാൻ പോലും അന്നിക്കൂട്ടർ മടിച്ചില്ല. അതിനായി എന്തെല്ലാം കൃത്രിമം ഇക്കൂട്ടര് കാണിച്ചു. ചില ദേശീയ രാഷ്ട്രീയ നേതാക്കൾ എത്രത്തോളം അധ: പതിക്കാം എന്നാണ് അതിലൂടെ രാഹുൽ ഗാന്ധിമാർ കാണിച്ചുതന്നത്. സീതാറാം യെച്ചൂരിമാരുടെ ചെയ്തികളും അതിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട് . കിട്ടിയ പുരസ്കാരങ്ങളുമായി അസഹിഷ്ണുത മന്ത്രം ഉരുവിട്ട് സാഹിത്യ അക്കാദമിയിലേക്ക് മാർച്ച് ചെയ്തവരെയും മറന്നുകൂടാ. അവരാണ് ഇന്നിപ്പോൾ പെരുമ്പാവൂർ സംഭവത്തെ രാഷ്ട്രീയവല്ക്കരിക്കുന്നു എന്നാക്ഷേപിക്കുന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലില്ലേ…. അതല്ലേ ഇന്നിപ്പോൾ കോണ്ഗ്രസിനും സിപിഎമ്മിനും പെരുമ്പാവൂരിലൂടെ ലഭിക്കുന്നത് എന്നാരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയില്ലല്ലോ. ഇതൊക്കെ ചൂണ്ടിക്കാണിക്കാൻ ഇന്നിപ്പോൾ നമ്മുടെ മാധ്യമ സുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ടോ………. അവരിതൊക്കെ ഓർക്കാത്തത് എന്തുകൊണ്ടാവാം. മാധ്യമ പ്രവർത്തകർക്ക് മുന്നിൽ നിന്ന് ആരും ചിലപ്പോൾ പരസ്യമായി ചോദിച്ചേക്കില്ലെന്കിലും വായനക്കാരുടെ, പ്രേക്ഷകരുടെ, ജനങ്ങളുടെ മനസുകളിൽ അത് ഉയർന്നുവരുന്നുണ്ട്.
അതുമാത്രമല്ല; ജിഷയുടെ അമ്മയെ പൊതുരംഗത്തുള്ളവർ ആശുപത്രിയിലെത്തി കാണുന്നതിലെ രോഷവും നമ്മുടെ മാധ്യമ സുഹൃത്തുക്കളും മാധ്യമങ്ങളും പങ്കുവെക്കുന്നത് കണ്ടു. ഭരണ കക്ഷിക്കാർ അങ്ങിനെയൊക്കെ പറയുന്നത് മനസിലാവും. ആശുപത്രിയിലെ തിരക്കും ബഹളവുമൊക്കെയും പ്രശ്നംതന്നെ . പക്ഷെ അതാണല്ലോ നമ്മുടെ നാട്ടുനടപ്പ്. അതൊഴിവാക്കാൻ ആർക്കെങ്കിലും കഴിയുമോ. പരവൂരിൽ വെടിക്കെട്ട് അപകടം ഉണ്ടായപ്പോൾ പ്രധാനമന്ത്രി എത്തിയതുപോലും സഹിക്കാനാവാത്തവരാണ് നമ്മളിൽ പലരും. കോൺഗ്രസിന് അസൌകര്യം ഉണ്ടാക്കുന്നത് എല്ലാം പ്രശ്നമാണ് എന്ന് മാധ്യമ സുഹൃത്തുക്കൾ എന്തിന് ഓർത്തോർത്ത് വേവലാതിപ്പെടണം. നേരത്തെ രോഹിത് വെമൂലയുടെ കാര്യം സൂചിപ്പിച്ചുവല്ലോ. അവിടെ ചെന്ന് ഒന്നിലേറെ ദിവസം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതിനെ ന്യായീകരിക്കാൻ വിഷമമില്ലാത്തവർ ഇന്നിങ്ങനെയൊക്കെ പറയുമ്പോൾ മലയാളി മനസ്സിൽ മറ്റെന്തൊക്കെയോ തോന്നിയാലോ………….ബീഹാർ തിരഞ്ഞെടുപ്പുവേളയിൽ ആണ് ഹരിയാനയിലെയും യുപിയിലേയും സമാനമായ പ്രശ്നങ്ങൾ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ആളിക്കത്തിച്ചത്. ഇന്നിപ്പോൾ കേരളത്തിൽ, അതേതരം സംഭവവികാസങ്ങൾ നടക്കുന്നു.
അതുപോലെ തന്നെയല്ലേ ആഗസ്റ്റ വെസ്റ്റ് ലാന്ഡ് ഹെലികോപ്ടർ ഇടപാടിലെ കോഴ സംബന്ധിച്ച് നാട്ടിൽ നടക്കുന്ന ചർച്ചകൾ. അതിൽ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ആർക്കെങ്കിലും സംശയമുണ്ടോ?. എന്നിട്ടും എന്തിനാണ് കേരളത്തിലെ പല മാധ്യമങ്ങളും ഒളിച്ചുകളിക്കുന്നത്? കഷ്ടം തോന്നുന്നു, പാർലമെന്റിൽ അത് സംബന്ധിച്ച് നടന്ന ചർച്ചയെ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ കണ്ട രീതി ആലോചിക്കുമ്പോൾ. ഇവരെല്ലാം ആരുടെ കൂടെയാണ്…… ആരുടെ വക്താക്കളാണ്. നരേന്ദ്ര മോഡിയെ അനുകൂലിക്കണ്ട; ബിജെപിയെ എതിർത്തോളൂ. എന്നാൽ സത്യവും വസ്തുതകളും കാണാതെ പോകാനാവുമോ?. ഹെലികോപ്ടർ തട്ടിപ്പ് സംബന്ധിച്ച് ഇറ്റലിയിലെ ഒരു കോടതി പുറപ്പെടുവിച്ച വിധിയും അതിൽ പരാമര്ശിക്കപ്പെട്ട പേരുകളും ജനങ്ങളെ ധരിപ്പിക്കാനുള്ള ബാധ്യത പത്ര മാധ്യമങ്ങൾക്കില്ലേ ?. രാജ്യസഭയിൽ ചർച്ച നടന്നപ്പോൾ പ്രതിരോധ മന്ത്രി പറഞ്ഞതു മറച്ചുവെച്ച് മറ്റുചിലരെ സംരക്ഷിക്കാം എന്നവർ തീരുമാനിച്ചാലോ……. ഇന്നലെ,വ്യാഴാഴ്ച കേരളത്തിലെത്തിയ ബിജെപി അധ്യക്ഷൻ ഉന്നയിച്ച പ്രധാന പ്രശ്നം, ഹെലികോപ്ടർ ഇടപാടിൽ ആർക്കാണ് കോഴപ്പണം ലഭിച്ചത് എന്നത് എ കെ ആന്റണി പറയണം എന്നതായിരുന്നു. മറ്റൊന്ന് വാങ്ങാൻ തീരുമാനിച്ച ഹെലികോപ്ടറിന്റെ ഡിസൈൻ, നിലവാരം തുടങ്ങിയവയിൽ മാറ്റം വരുത്തിയത് ആരുടെ താല്പര്യപ്രകാരമാണ് എന്നും അമിത് ഷാ ചോദിച്ചു. അതിന്നു കേരളത്തിൽ പ്രധാന വിഷയമാണ്. എന്നാൽ അത് ജനം അറിയേണ്ടതില്ല എന്ന് ചില മാധ്യമങ്ങൾ തീരുമാനിച്ചു.
ഇന്ത്യയിലെ ജനങ്ങൾ തിരസ്കരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് കോണ്ഗ്രസ് എന്നതും ഇവരെല്ലാം മറക്കുന്നു. മറ്റൊന്ന്, മലയാളികളിൽ വലിയൊരു ശതമാനം ഇംഗ്ലീഷ് നന്നായി അറിയുന്നവരാണ്. അവർ ഇംഗ്ലീഷ് പത്രവും ആ ഭാഷയിലെ ടിവി ചാനലുകളും കാണുന്നവരാണ്. സോഷ്യൽ മീഡിയയിൽ എത്രയോ സമയം ചിലവിടുന്നവരാണ് അവരിലേറെയും. അവർ കാര്യങ്ങൾ അറിയില്ല എന്നതാണോ ആവോ ഈ മാധ്യമങ്ങളും മറ്റും കരുതുന്നത്. ഈ വിധത്തിലുള്ള പഴയ കോണ്ഗ്രസ് അനുകൂല, അല്ലെങ്കിൽ കോണ്ഗ്രസിന് വേണ്ടിയുള്ള, നിലപാടുകൾ ഈ പത്രങ്ങളെയും ചാനലുകളേയും ജനമനസുകളിൽ സ്ഥിരമായി കുടികൊള്ളാൻ സഹായിക്കുമോ? ; . തങ്ങളുടെ വിശ്വാസ്യതയെ അത് അലട്ടും എന്നത് എന്തുകൊണ്ടാണാവോ തിരിച്ചറിയാത്തത്?.
അതോക്കെയാണെങ്കിലും നമ്മുടെ മാധ്യമങ്ങൾ പിന്നീടങ്ങോട്ട് ആ ജിഷ പ്രശനം തലയിലേറ്റി എന്നത് പറയാതെ വയ്യ. ഇന്നിപ്പോൾ രാഷ്ട്രീയ വല്ക്കരിക്കല്ലേ എന്ന് കാലുപിടിച്ചു വിളിച്ചുകൂവാൻ ചെന്നിത്തലയും സുധീരന്മാരുമൊക്കെ തയ്യാറാവുന്നത് മാധ്യമ വിമർശനങ്ങൾ കേട്ട് പൊറുതിമുട്ടിയപ്പോഴാണ് . അതാണ് നമ്മുടെ മാധ്യമങ്ങളുടെ വിജയം. ഇന്നിത് ഒരു ദേശീയ പ്രശ്നമായി എങ്കിൽ, ഇന്നിതിപ്പോൾ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്നുവെങ്കിൽ അതിനു കാരണം മാധ്യമങ്ങൾ കൈക്കൊണ്ട നിഷ്കരുണമായ നിലപാട് തന്നെയാണ്. തെറ്റ് മനസിലാക്കി തിരുത്താൻ അവർക്കായി. എന്നാലും ആദ്യ നാളുകളിൽ അറിയാതെ പോയതും പിന്നീട് (ചിലർ) പ്രാധാന്യം കുറച്ചുകണ്ടതും ശ്രദ്ധിക്കപ്പെടാതെ പോകരുത്. അതുപോലെ തന്നെയാണ് ഹെലികോപ്ടർ പോലുള്ള രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലെ പക്ഷപാതപരമായ നിലപാട്. അതൊക്കെ തിരുത്താൻ നാളെകളിൽ അവർക്കു കഴിയും എന്നാശിക്കാം. .
Post Your Comments