നൗഗാവ് (അസം): ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് 19 വയസ് മാത്രമേ പ്രായമുള്ളൂവെന്ന് അമീറിന്റെ മാതാപിതാക്കളുടെ മൊഴി. പത്താം വയസില്‍ നാട് വിട്ട അമീര്‍ തിരിച്ചു വരുന്നത് മെയ് ഒന്നിനാണെന്നും ഇവര്‍ പറയുന്നു. 8 വര്‍ഷം കഴിഞ്ഞെത്തിയ അമീറിനെ തിരിച്ചറിഞ്ഞത് മുഖ സാമ്യം കൊണ്ടാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അമീര്‍ ഇവരുടെ പേര് കൃത്യമായി പറഞ്ഞതും തിരിച്ചറിയാന്‍ കാരണമായി. മെയ് 28 വരെ കൃഷിപ്പണിയുമായി അമീര്‍ നാട്ടിലുണ്ടായിരുന്നെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി.
അസമിലെ അമീറിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തപ്പോഴാണ് കേരളാ പൊലീസിന് സുപ്രധാന വിവരങ്ങള്‍ ലഭ്യമായത്. കൊച്ചി സിറ്റി പൊലീസിലെ എസ്‌ഐ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലെ ബര്‍ദ്വായിലുള്ള വീട്ടിലെത്തി മൊഴിയെടുത്തത്.
അമീറുലിന്റെ മാതാവ്, ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവരുമായി പൊലീസ് സംസാരിച്ചു. മൊഴിയെടുക്കല്‍ ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. അമീര്‍ മദ്യപിച്ചു ബഹളമുണ്ടാക്കുമായിരുന്നുവെന്നും കഴിഞ്ഞ തവണ വന്നപ്പോഴും മാതാപിതാക്കളോടു വഴക്കുണ്ടാക്കിയെന്നും അയല്‍വാസി പറഞ്ഞിരുന്നു. ഈ അയല്‍വാസി ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. അമീറുലിന്റെ പൂര്‍വ കാലത്തെക്കുറിച്ചും അവസാനമായി നാട്ടിലെത്തിയപ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ചുമാണ് പൊലീസ് പ്രധാനമായും ചോദിച്ചത്.
കൊലപാതകം നടത്തിയശേഷം അസമിലെ വീട്ടിലേക്കു പോയി എന്നായിരുന്നു പ്രതി പൊലീസിനു നല്‍കിയ മൊഴി. തിരഞ്ഞെടുപ്പിനു മുന്‍പ് പ്രതി വീട്ടില്‍ വന്നിരുന്നുവെന്ന് അമീറുല്‍ ഇസ്‌ലാമിന്റെ മാതാവും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അസമിലെത്തിയത്.
അമിറിന്റെ സൃഹൃത്ത് അനാറിനെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യംചെയ്തു വരികയാണ്. കൊലപാതക ദിവസം അമിറിനൊപ്പം അനാറുമുണ്ടായിരുന്നു. എന്നാല്‍ ജിഷയുടെ കൊലപാതകത്തില്‍ അനാറിനു പങ്കുണ്ടോ എന്നു വ്യക്തമായിട്ടില്ല. ആസാമിലെ ജജോരി പോലീസ് സ്റ്റേഷനില്‍വച്ചാണ് പോലീസ് അനാറിന്റെ മൊഴിയടുത്തത്. ആസാം പോലീസിന്റെ സഹായത്തോടെയാണു കേരള പോലീസിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ കഴിഞ്ഞത് മൊഴിയെടുക്കലിന്റെ പ്രാഥമികഘട്ടം മാത്രമാണെന്നും മൊഴിയടുക്കല്‍ നാളെയും തുടരുമെന്നും പോലീസ് അറിയിച്ചു.
Post Your Comments