കൊച്ചി: ജിഷയുടെ ഘാതകനെ കണ്ടെത്താനായി ഡി. വൈ. എസ്. പി സോജൻ കാഞ്ചീപുരത്തെ റോഡിലൂടെ മൂന്ന് ദിവസം ഉന്തുവണ്ടി തള്ളി. കൊലപാതകത്തിന് ശേഷം ആസാമിലേക്ക് കടന്ന അമി ഉൽ ഇസ്ലാം പിന്നീട് കാഞ്ചീപുരത്തേക്ക് വരികയായിരുന്നു. അവിടെ നിന്നാണ് സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ച് പെരുമ്പാവൂരിൽ എന്തെങ്കിലും സംഭവം ഉണ്ടായോ എന്ന് തിരക്കിയത് . പോലീസ് നിരീക്ഷണത്തിൽ ആയിരുന്ന സുഹൃത്ത് പോലീസ് പറഞ്ഞതിനനുസരിച്ച് മറുപടിയും നൽകി. പിന്നീട് അയാൾ പോലീസിന്റെ പ്രധാന ഇൻഫോർമറായി.
വാഴപ്പഴം അമി ഉള്ളിന്റെ പ്രധാന ഭക്ഷണം ആണെന്ന് സുഹൃത്ത് പറഞ്ഞതോടെയാണ് സോജൻ പഴക്കച്ചവടക്കാരനായത്. നിരവധി ഐ ടി സ്ഥാപനങ്ങൾ ഉള്ള സ്ഥലത്തെവിടെയോ ആണ് അമി ഉൾ ജോലി ചെയ്യുന്നതെന്ന് മനസിലാക്കി ഐ ടി സ്ഥാപനത്തിന്റെ കവാടത്തിലായി സോജന്റെ കച്ചവടം.
ആദ്യത്തെ രണ്ട് ദിവസം അമിയെ കാണാനായില്ല. മൂന്നാമത്തെ ദിവസം അമിയെ സുഹൃത്ത് തിരിച്ചറിഞ്ഞു. സോജൻ ഉന്തുവണ്ടിയുമായി അമിയുടെ മുന്നിലൂടെ നീങ്ങിയെങ്കിലും ഇയാൾ ശ്രദ്ധിച്ചില്ല. നടന്നു നീങ്ങിയ അമിയുടെ പിന്നിലെത്തി സുഹൃത്ത് അമി ഉൾ എന്ന് വിളിച്ചപ്പോൾ ഓടാൻ ശ്രമിച്ച അമിയെ സോജൻ കടന്നു പിടിക്കുകയും പോലീസ് ജീപ്പിലേക്ക് പിടിച്ചിടുകയുമായിരുന്നു. പോലീസാണെന്ന് മനസിലായതോടെ ഇവരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമം നടത്തി . പിന്നീട് പോലീസ് വാഹനം നിർത്തിയത് പോലീസ് അക്കാഡമിയിലാണ്.
Post Your Comments