പെരുമ്പാവൂര്‍: കുറുപ്പംപടി വട്ടോളിപ്പടിയില്‍ ദളിത് നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നലെ രാവിലെ മുതലുള്ള പോലീസ് ഇടപെടല്‍ സംസ്ഥാനത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍നിര്‍ത്തി. പ്രതിയെ കണ്ടെത്തുന്ന കാര്യത്തില്‍ പോലീസ് വേണ്ടത്ര ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്ന് തിങ്കളാഴ്ച മുതല്‍ ആരോപണം ശക്തമായിരുന്നു. ഇന്നലെ രാവിലെ മുതല്‍ സംസ്ഥാനത്ത് ഈ വിഷയത്തില്‍ പ്രതിഷേധവും വ്യാപകമായി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംഭവത്തില്‍ പ്രതികരിക്കുകയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംഭവസ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പോലീസ് സംവിധാനം ഉണര്‍ന്നത്. രാവിലെ പതിനൊന്നു മുതല്‍ കേസ് നടപടികള്‍ വിലയിരുത്താന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിത്തുടങ്ങിയിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ഓഫീസ് പരിസരത്ത് തടിച്ചുകൂടി. പിന്നീടുള്ള പോലീസ് നടപടികളാണ് സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊല നടത്തിയ കുറ്റവാളിയെ കാണാന്‍ വെമ്പിയ മനസുമായി ടിവിക്കുമുന്നില്‍ ആളുകള്‍ തടിച്ചുകൂടിയ മണിക്കൂറുകളാണ് പിന്നീട് കടന്നുപോയത്. പതിനൊന്നരയോടെ മൂഖം മറച്ച നിലയില്‍ ആറടിയോളം പൊക്കമുള്ള യുവാവിനെ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ എത്തിച്ചതോടെ പ്രതി അറസ്റ്റിലായി എന്നതരത്തില്‍ ചാനലുകളില്‍ ഫഌഷുകള്‍ മിന്നിമറഞ്ഞു. താമസിയാതെ മറ്റൊരാളെയും ഇത്തരത്തില്‍ ഇവിടെയെത്തിച്ചു. കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായെന്നും ആഭ്യന്തരമന്ത്രിയെത്തുന്നതോടെ അറസ്റ്റ് വിവരം പോലീസ് സ്ഥിരീകരിക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നു.
ഇതോടെ ഡിവൈ.എസ്.പി ഓഫീസ് പരിസരം പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഒന്നിനുപിറകേ മറ്റൊന്നായി പ്രതിഷേധക്കാര്‍ എത്തിതുടങ്ങിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒഴികെയുള്ളവരെ പോലീസ് ഗേറ്റിനു വെളിയിലേക്കു നീക്കി. ഇതിനിടയില്‍ ആദ്യമെത്തിച്ചയാളെ ചോദ്യംചെയ്യലിനുശേഷം പുറത്തെത്തിക്കുകയും രണ്ടാമനെ മുറിക്കുള്ളിലേക്കു കൊണ്ടുപോവുകയും ചെയ്തു. ആദ്യത്തെയാളെ 40 മിനിറ്റോളവും രണ്ടാമത്തെയാളെ അരമണിക്കൂറോളവും ചോദ്യം ചെയ്തു.
ഉച്ചയ്ക്ക് ഒരുമണിയായപ്പോഴേക്കും മറ്റുചിലരില്‍നിന്നും പോലീസ് മൊഴിയെടുത്തു. കസ്റ്റഡിയില്‍ ഉള്ളത് പ്രതികളല്ലെന്നും അവരെ ചോദ്യംചെയ്തതിലൂടെ പ്രതിയെകുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുള്ളതായും പിന്നീട് പോലീസ് അറിയിച്ചു. പിന്നീടാണ് പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസിയെ കണ്ണൂരില്‍നിന്ന് രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments