ഇതാദ്യമായി, സുപ്രീംകോടതി ചീഫ്ജസ്റ്റിസടക്കമുള്ള ന്യായാധിപന്‍മാര്‍ക്കായി ദേശീയ സുരക്ഷയെപ്പറ്റി ഒരു മണിക്കൂര്‍ നീളുന്ന ഒരു ബ്രീഫിംഗ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ചീഫ്ജസ്റ്റിസ് ടി.എസ്. താക്കൂറടക്കമുള്ള സുപ്രീംകോടതി ന്യായാധിപര്‍ക്ക് ദേശീയ സുരക്ഷയുടെ വിവിധ വശങ്ങളെപ്പറ്റിയുള്ള സംക്ഷിപ്തവിവരണം നല്‍കിയത്.
ദേശീയ സുരക്ഷ എന്നത് ‘പക്ഷപാതരഹിതമായ’ രീതിയില്‍ കൈകാര്യം ചെയ്യേണ്ടേ വിഷയമാണെന്ന് ഡോവല്‍ ചൂണ്ടിക്കാണിച്ചു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ കൂടുതല്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ ന്യായവ്യവസ്ഥയുടെ സഹകരണവും ഡോവല്‍ അഭ്യര്‍ത്ഥിച്ചു.
ഭോപ്പാലിലെ നാഷണല്‍ ജഡീഷ്യല്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ത്രിദിന ക്യാമ്പിന്‍റെ ഭാഗമായാണ് ഡോവല്‍ ന്യായാധിപര്‍ക്കായി പ്രസ്തുത ബ്രീഫിംഗ് ഒരുക്കിയത്.
ദേശീയ സുരക്ഷയ്ക്കായുള്ള ഇന്ത്യയുടെ “മാസ്റ്റര്‍ പ്ലാന്‍” സംബന്ധിച്ച വിവരങ്ങള്‍ ന്യാധിപന്മാരുമായി ഡോവല്‍ പങ്കുവച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭീകരവാദ-ചാരവൃത്തി സംബന്ധമായ കേസുകളില്‍ വിധി വൈകുന്നത് ദേശീയസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു എന്നതായിരുന്നു ഡോവല്‍ ഉയര്‍ത്തിക്കാട്ടിയ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ദേശീയസുരക്ഷയ്ക്ക് ഉപകാരപ്രദവും, പ്രതികൂലവുമായ നിയമവകുപ്പുകളെപ്പറ്റിയും ഡോവല്‍ പരാമര്‍ശിച്ചു.
പക്ഷേ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ന്യാധിപന്മാരെ ബ്രീഫ് ചെയ്യുന്നതിനെതിരെ പ്രശാന്ത് ഭൂഷണെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ഭാഗത്തിന്‍റെ മാത്രം ന്യായീകരണത്തിന് ഇത് വഴിവയ്ക്കും എന്നാണ് ഇവരുടെ വാദം.
Post Your Comments