യു.ഡി.എഫിനെ പരോക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തി. സ്ഥിരമായി ജയിപ്പിക്കുന്നത് സഭയുടെ ഔദാര്യമായി കാണരുതെന്ന മുന്നറിപ്പാണ് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തൃശൂര്‍ ബിഷപ്പ് പാലസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് പ്രസ്തുത മുന്നറിയിപ്പ് വന്നതെന്ന വസ്തുത യു.ഡി.എഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നതാണ്.
ഇരുമുന്നണികളും സഭയെ സ്ഥിരമായി തഴയുകയാണെന്ന ആരോപണവും നേതാക്കള്‍ ഉന്നയിച്ചു. സഭയുമായി സൗഹൃദത്തില്‍ പോകുന്നവര്‍ക്കാകും ഇത്തവണ പിന്തുണയെന്നും നേതാക്കള്‍ വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ നേത്രുത്വത്തിലുള്ള യു.ഡി.എഫ് ഗവണ്മെന്റ് സഭയെ ചിലകാര്യങ്ങളില്‍ തഴഞ്ഞതായി നേതാക്കള്‍ക്ക് പരിഭവമുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും യു.ഡി.എഫ് സഭയെ അവഗണിച്ചു എന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ പക്ഷം. സഭയുടെ അല്മായ നേതൃത്വം പറയുന്നത് തിരഞ്ഞെടുപ്പില്‍ വോട്ട്ബാങ്കായി മാത്രമാണ് യു.ഡി.എഫ് തങ്ങളെ പരിഗണിക്കുന്നത് എന്നാണ്. ഈ നിലപാടുകളുള്ള സഭയെ അനുനയിപ്പിച്ചില്ലെങ്കില്‍ യു.ഡി.എഫിന് കാര്യങ്ങള്‍ ബുദ്ധിമുട്ടാകും എന്നുള്ളത് തീര്‍ച്ചയാണ്.
Post Your Comments