വാഷിംഗ്ടൺ: കോവിഡിനെ ചെറുക്കാൻ മംഗോളിയ, സെയ്ഷെൽസ്, ബഹ്റെെൻ തുടങ്ങിയ രാജ്യങ്ങൾ കൂടുതലായി ആശ്രയിച്ചത് ചെെനീസ് വാക്സിനുകളെയാണ്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരികയാണ്. വെെറസ് വ്യാപനത്തെ ചെറുക്കാനും പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെ പോരാടാനും ചെെനീസ് വാക്സിനുകൾ ഫലപ്രദമാവില്ലെന്ന് ഈ രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ന്യൂയോർക്ക് ടെെംസ് റിപ്പോർട്ടിൽ പറയുന്നു.
സെയ്ഷെൽസ്, ബഹ്റെെൻ, മംഗോളിയ എന്നീ രാജ്യങ്ങൾ വാക്സിനേഷൻ കണക്കുകളിൽ അമേരിക്കയെ പിന്തള്ളിയതായും 50 മുതൽ 68 ശതമാനം വരെ ജനങ്ങൾ ചെെനീസ് വാക്സിൻ കുത്തിവയ്പ്പ് എടുത്തിട്ടുളളതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മോശം കോവിഡ് സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ ഇവയും ഉൾപ്പെടുന്നുണ്ട്.
വാക്സിനുകൾ ഫലപ്രദമായിരുന്നുവെങ്കിൽ കണക്കുകൾ ഇത്തരത്തിൽ ആകില്ലായിരുന്നു എന്നും, ഇത് പരിഹരിക്കാൻ ചെെനക്കാർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ഹോങ്കോംഗ് സർവകലാശാലയിലെ വെെറോളജിസ്റ്റ് ജിൻ ഡോംഗ്യാൻ വ്യക്തമാക്കി. ഉയർന്ന കുത്തിവയ്പ് നിരക്ക് ഉള്ള രാജ്യങ്ങളിൽ എങ്ങനെ കോവിഡ് വ്യാപനത്തിൽ വർദ്ധനവ് ഉണ്ടാകുന്നു എന്നത് ചെെനീസ് വാക്സിനുകളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നു. ചെെനയുടെ സിനോഫാം വാക്സിന് 78.1 ശതമാനവും സിനോവാക് വാക്സിന് 51 ശതമാനവുമാണ് ഫലപ്രാപ്തിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്.
Post Your Comments