KeralaLatest News

കൊച്ചിയില്‍ മാലിന്യമലയ്ക്ക് തീപിടിച്ചു : വിഷപുക ശ്വസിച്ചത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തി

കൊച്ചി : നഗരസഭയുടെ മലയിന്‍കീഴ് കുമ്പളത്തുമുറി ഡമ്പിങ് യാര്‍ഡില്‍ വന്‍ അഗ്‌നിബാധ. മല പോലെ കിടക്കുന്ന മാലിന്യത്തിനാണ് കഴിഞ്ഞ രാത്രി തീപിടിച്ചത്. അഗ്‌നിരക്ഷാസേന മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീകെടുത്തിയത്. ഡമ്പിങ് യാര്‍ഡില്‍ ഒരു മാസത്തിനിടെ ഉണ്ടായ രണ്ടാമത്തെ തീപ്പിടിത്തമാണിത്.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യത്തിന് തീപിടിച്ചത് പ്രദേശവാസികളെ ദുരിതത്തിലാക്കി. കാറ്റില്‍ ആളിക്കത്തിയ മാലിന്യത്തിന്റെ പുക അര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു. പുക ശ്വസിച്ച് നിരവധി പേര്‍ക്ക് അസ്വസ്ഥത ഉണ്ടായി. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ അഭാവത്തില്‍ ദിവസേന ടൗണില്‍ നിന്ന് ശേഖരിക്കുന്ന ജൈവ, അജൈവ, ബയോ മെഡിക്കല്‍, ഇ വേസ്റ്റ് മാലിന്യമെല്ലാം കുന്നുകൂടി കിടക്കുകയാണ്. ശുചീകരണ തൊഴിലാളികള്‍ ശേഖരിച്ച മാലിന്യം ഉച്ചയോടെ ഡമ്പിങ് യാര്‍ഡില്‍ തള്ളി സ്ഥലംവിടുകയാണ് പതിവ്.

മാലിന്യം കുന്നുകൂടിയ ഡമ്പിങ് യാര്‍ഡില്‍ ഇടയ്ക്കിടെയുണ്ടാകുന്ന തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ട്. മനപ്പൂര്‍വം ആരോ തീയിടുന്നതാണെന്ന സംശയമാണ് ബലപ്പെടുന്നത്. നേരത്തെ മാലിന്യം തീയിട്ടാണ് സംസ്‌കരിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തീയിട്ട് നശിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു. അഞ്ച് ഏക്കറോളം വരുന്ന യാര്‍ഡ് സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലുമേറെ മാലിന്യമാണ് നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യത്തിന് തീയിടുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി എടുക്കുകയും സംസ്‌കരണ പ്ലാന്റ് അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാനും അധികാരികള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button