
കൊച്ചി: വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ തകൃതി. ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് ആഘോഷങ്ങളും എന്നതിനാല്‍ വിപണിയില്‍ നല്ല തിരക്കാണ്. എന്നാല്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവര്‍ വെളളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയുമായി തങ്ങളുടെ നാടുകളിലേക്ക് പോയതിനാല്‍ തിരക്കും താരതമ്യേനെ കുറവാണ്. എന്നാല്‍ പടക്കം, വിഷുസദ്യ, വിഷുക്കണി തുടങ്ങിയവയ്ക്കായുള്ള തിരക്ക് പ്രധാനപ്പെട്ട ഇടങ്ങളില്‍ ദര്‍ശിക്കാനാവും. ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണകള്‍ പുതുക്കുന്ന വിശുദ്ധവാരാചരണത്തിനു ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി. ഓശാന ഞായര്‍ ദിനം മുതല്‍ ഈസ്റ്റര്‍ ഞായര്‍ വരെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയാണ് ഞായറാഴ്ചയുണ്ടാവുക.
എറണാകുളം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം കണ്ണനെ കണികണ്ടുണരുന്നതിനായുള്ള ഒരുക്കത്തിലാണ്. ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വിഷുവിളക്ക് ഉത്സവം ഞായറും തിങ്കളുമായി ആഘോഷിക്കും. രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, തെക്കന്‍ ചിറ്റൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിഷു ദിനമായ തിങ്കളാഴ്ച രാവിലെ ഭക്തരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Post Your Comments