
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗബ്രിയേല്‍ ബോറിക് നടത്തുന്ന ഇന്ത്യ സന്ദര്‍ശനത്തിലാണ് അദ്ദേഹം മോദിയെ പ്രശംസിച്ചിരിക്കുന്നത്.
രാഷ്ട്രപതി ഭവനില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ ബോറിക് വാനോളം പുകഴ്ത്തി. ഡോണൾഡ് ട്രംപ്, വോളോഡിമർ സെലെൻസ്‌കി, വ്‌ളാഡിമിർ പുടിൻ എന്നിങ്ങനെ എല്ലാ നേതാക്കളുമായും ഒരുപോലെ സംസാരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ഗബ്രിയേല്‍ ബോറിക് അഭിപ്രായപ്പെട്ടു.
യൂറോപ്യന്‍ യൂണിയനിലെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെയുമെല്ലാം നേതാക്കളെ ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവും മോദിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ മറ്റൊരു നേതാവിനെക്കൊണ്ടും ചെയ്യാന്‍ സാധിക്കാത്ത കാര്യമാണിവയെന്നാണ് ഗബ്രിയേല്‍ ബോറിക് അഭിപ്രായപ്പെടുന്നത്.
വര്‍ത്തമാനകാല രാഷ്ട്രീയ അന്തരീക്ഷത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ പ്രശംസിക്കുന്നതിനൊപ്പം ലോകത്തിന് തന്നെ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ ഈ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments