
കൊളംബോ : ഇന്ത്യയും ശ്രീലങ്കയും പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ടു. പ്രതിരോധം, ഊര്‍ജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഏഴ് കരാറുകളിലാണ് ഒപ്പുവെച്ചത്. ശ്രീലങ്കയുടെ ക്ലീന്‍ എനര്‍ജി ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമ്പൂര്‍ണ്ണ സൗരവൈദ്യുത പദ്ധതി മോദിയും ദിസനായകെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റിയിലെ ഉടമ്പടി വഴി ഭാവിയില്‍ ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള സാധ്യത ശ്രീലങ്കക്ക് കരാര്‍ ഉറപ്പുനല്‍കുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെത്തിയത്.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ പരസ്പരബന്ധിതവും പരസ്പര ആശ്രയത്വത്തിലുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളംബോയില്‍ പറഞ്ഞു. ഇന്ത്യന്‍ താല്‍പര്യങ്ങളോടുള്ള അനുഭാവപൂര്‍ണമായ നിലപാടിന് പ്രസിഡന്റ് ദിസ്സനായകെയോട് അദ്ദേഹം നന്ദിയും പറഞ്ഞു.
2022 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന ശ്രീലങ്കയെ വീണ്ടെടുക്കാന്‍ ഇന്ത്യ തുടര്‍ന്നും സഹായം നല്‍കുന്നതായിരിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. പ്രസിഡന്റ് ദിസനായകെ 2024 ഡിസംബറില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നു.
ആ സമയത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണത്തിനുള്ള മുന്‍ഗണനാ മേഖലകള്‍ വിശദീകരിക്കുന്ന ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ മണ്ണില്‍ അനുവദിക്കില്ലെന്ന് ദിസ്സനായകെ പറഞ്ഞു. ദുരിതകാലത്ത് ഇന്ത്യ നല്‍കിവന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡും ഇന്ത്യയുടെ എന്‍ടിപിസിയും ചേര്‍ന്നു സാംപൂരില്‍ നിര്‍മിക്കുന്ന 135 മെഗാവാട്ട് സൗരോര്‍ജ നിലയത്തിന്റെ തറക്കല്ലിടല്‍ ഇരു നേതാക്കളും ചേര്‍ന്ന് വെര്‍ച്വലായി നിര്‍വഹിച്ചു.
Post Your Comments