![](/wp-content/uploads/2025/02/bank-rob-1.webp)
തൃശ്ശൂര്‍: ചാലക്കുടി പോട്ടയില്‍ ഫെഡറല്‍ ബാങ്ക് ശാഖ കൊള്ളയടിച്ച് 15 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. കവര്‍ച്ചയ്ക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെ അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്ന സൂചനയാണ് പൊലീസിനുള്ളത്. മോഷ്ടാവ് നേരത്തെയും ബാങ്കില്‍ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു.
Read Also: ജാതീയ അധിക്ഷേപം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറാക്കി പോലീസ്
അങ്കമാലിയില്‍ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. സിസിടിവി ദൃശ്യത്തില്‍ മോഷ്ടാവെന്ന് സംശയിക്കുന്നയാളാണ് ഉള്ളതെന്നാണ് വിവരം. ഇയാള്‍ എറണാകുളം ഭാഗത്തേക്ക് പോയെന്നാണ് സിസിടിവി ദൃശ്യത്തില്‍ നിന്നുള്ള സൂചന. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്നും ഏതാണ്ട് 10 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ കൊച്ചിയില്‍ പറഞ്ഞു. എടിഎമ്മില്‍ നിന്ന് എടുത്തുവെച്ച പണമാണ് നഷ്ടമായത്.
കൂടുതല്‍ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നത് പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്ന് പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തില്‍ അത്തരം നിഗമനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും ഡിഐജി പറഞ്ഞു. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും ഡിഐജി വ്യക്തമാക്കി.
ഇന്നലെ ഉച്ചഭക്ഷണ വേളയില്‍ ഇടപാടുകാര്‍ ഇല്ലാത്ത സമയത്താണ് അക്രമി ബാങ്കില്‍ എത്തിയത്. ഹെല്‍മെറ്റും ജാക്കറ്റ് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്‌റൂമില്‍ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു. പിന്നാലെയാണ് പണം കവര്‍ന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകള്‍ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്.
മാസ്‌കും ജാക്കറ്റും ഹെല്‍മറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് കസേര ഉപയോ?ഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്താണ് കൗണ്ടറില്‍ നിന്നും പണം കവരുന്നത്.
Post Your Comments