KeralaLatest News

ജാതീയ അധിക്ഷേപം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറാക്കി പോലീസ്

അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്

തിരുവനന്തപുരം : നടനും നൃത്താധ്യാപകനുമായ ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റം തെളിഞ്ഞാല്‍ സത്യഭാമക്ക് പരമാവധി അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

കലാമണ്ഡലത്തില്‍ അസിസ്റ്റന്റ് പ്രഫസറായി രാമകൃഷ്ണന്‍ ചുമതലയേറ്റതിന് തൊട്ട പിന്നാലെയാണ് കുറ്റപത്രം കോടതിയിലെത്തുന്നത്. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്. കലാമണ്ഡലം സത്യഭാമ, ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിട്ടും വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല.

ഇതോടെയാണ് രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയത്. താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കാനായി പോലീസിന് അഭിമുഖത്തില്‍ സത്യഭാമ നല്‍കുന്ന സൂചനകള്‍ വിശദമായി അന്വേഷിച്ചു. ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൂടി ശേഖരിച്ചാണ് അത് രാമകൃഷ്ണനെതിരെ തന്നെയെന്ന് പോലീസ് ഉറപ്പിച്ചത്. ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമര്‍ശം.

ചാലക്കുടിയില്‍ രാമകൃഷ്ണന്‍ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. തൃപ്പൂണിത്തുറ ആര്‍ എല്‍ വിയില്‍ രാമകൃഷ്ണന്‍ പഠിച്ചത് എം എ ഭരതനാട്യമായിരുന്നു എന്നാല്‍ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ടായിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെ പി എ സി ലളിതയുമായി കലഹിച്ച കലാകാരന്‍ എന്നായിരുന്നു അടുത്തത്. അമ്മയുമായി കലഹിച്ചത് രാമകൃഷ്ണനാണെന്ന് കെ പി എ സി ലളിതയുടെ മകന്‍ സിദ്ധാര്‍ഥ് മൊഴി നല്‍കിയതും തെളിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button