ഡെറാഡൂണ്‍: ലോകപ്രശസ്തമായ തീര്‍ത്ഥാടനമായ ചാര്‍ധാം യാത്ര തുടങ്ങി. ഇതിനായി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ തുറന്നു. സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഭാര്യ ഗീതയും കേദാര്‍നാഥ് ക്ഷേത്രം തുറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. പതിനായിരത്തിലധികം ഭക്തരും അവിടെ കൂടിയിരുന്നു. നടതുറന്നതോടനുബന്ധിച്ച് ക്ഷേത്ര സമുച്ചയം മുഴുവന്‍ പൂക്കളാല്‍ അലങ്കരിച്ചിരുന്നു. ശ്രീകോവിലിന്റെ വാതിലുകള്‍ തുറക്കുന്ന സമയത്ത് ഹെലികോപ്റ്റര്‍ വഴി തീര്‍ഥാടകര്‍ക്ക് നേരെ പുഷ്പവൃഷ്ടിയും നടത്തി.
Read Also:കിടപ്പുരോഗിയായ പിതാവിനെ മകന്‍ ഉപേക്ഷിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
യമുനോത്രി ക്ഷേത്രം രാവിലെ 7:00 മണിക്ക് തുറന്നു. ആയിരക്കണക്കിന് ഭക്തര്‍ ഇതില്‍ പങ്കെടുത്തു. ഇതേ തുടര്‍ന്ന് ഉച്ചയോടെ ഗംഗോത്രി ക്ഷേത്രവും തുറന്നു. ബദരീനാഥ് ക്ഷേത്രത്തിന്റെ വാതിലുകള്‍ മെയ് 12 നാണ് തുറക്കുന്നത്.
മഞ്ഞുകാലത്ത് അടച്ചിടുകയും വേനല്‍ക്കാലത്ത് തുറക്കുകയും ചെയ്യുന്ന ഈ നാല് ക്ഷേത്രങ്ങളിലേക്കുമുള്ള തീര്‍ത്ഥാടനത്തെ ചാര്‍ധാം യാത്ര എന്നാണ് വിളിക്കുന്നത്. അക്ഷയ തൃതീയ നാളിലാണ് ചാര്‍ധാം യാത്രക്കായി ഈ ക്ഷേത്രങ്ങള്‍ തുറക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രം 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ്. ബദരീനാഥ് അഥവാ ബദരിനാരായണന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാന്‍ വിഷ്ണുവാണ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളില്‍ ഒന്നാണ് ബദരിനാഥ്. ഗംഗാ നദിക്ക് സമര്‍പ്പിക്കപ്പെട്ടതാണ് ഗംഗോത്രി ക്ഷേത്രം. ഗംഗ കഴിഞ്ഞാല്‍ ഏറ്റവും പവിത്രമായ യമുന നദിക്കാണ് യമുനോത്രി ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments