പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നതായി ദൃക്‌സാക്ഷി വിവരണം. അപകടമുണ്ടാകുന്നത് കണ്ട ദൃക്സാക്ഷിയാണ് നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത്. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ശങ്കര്‍ പറഞ്ഞു. ആലയിൽപ്പടിയിൽ നില്‍ക്കുമ്പോള്‍ കാർ കടന്നു പോകുന്നത് കണ്ടിരുന്നുവെന്നും ഓട്ടത്തിനിടയിൽ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നുവെന്നും ഇവർ പറയുന്നു.
ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന തോന്നലുണ്ടായിരുന്നു. കാലുകള്‍ ഡോറിന് പുറത്തേക്ക് ഇട്ട നിലയില്‍ കണ്ടിരുന്നുവെന്നും അകത്ത് മൽപ്പിടുത്തം നടന്നതായി സംശയിക്കുന്നുവെന്നും ശങ്കര്‍ പറഞ്ഞു. അനുജ താന്‍ ഇരുന്നിരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറക്കാന്‍ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
‘സുഹൃത്തും താനും കൂടി കൊല്ലത്ത് പോയി തിരിച്ചുവരുകയായിരുന്നു. രാത്രി പത്തോടെ ഞങ്ങള്‍ കാറില്‍ പോകുന്നതിനിടെ മുന്നില്‍ പോയ കാര്‍ ശ്രദ്ധിച്ചിരുന്നു. സ്കൂളിന് സമീപത്തെ ഡോര്‍ തുറന്നുകൊണ്ട് കാര്‍ നിര്‍ത്തിയതും കണ്ടിരുന്നു. അമിത വേഗതയില്‍ പോയ കാര്‍ രണ്ടു തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. ഇതോടൊപ്പമാണ് മുന്നിലെ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നത്. മദ്യപിച്ച് വാഹനമോടിച്ചതോ മറ്റോ ആയിരിക്കാമെന്നാണ് അപ്പോള്‍ കരുതിയത്. അതിനാലാണ് പൊലീസിനെ അറിയിക്കാതിരുന്നത്. ഡ്രൈവര്‍ ചെയ്യുന്നയാളുടെ നിയന്ത്രണത്തിലായിരുന്നില്ല വാഹനമെന്ന് വ്യക്തമായിരുന്നു. രാവിലെ അപകടത്തില്‍ പെട്ട കാറിന്‍റെ ദൃശ്യം കണ്ടാണ് രാത്രിയില്‍ കണ്ട കാറാണെന്ന് തിരിച്ചറിഞ്ഞത്’, ശങ്കര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി 11.15 ഓടെയുണ്ടായ അപകടത്തില്‍ മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37), ചാരുംമൂട് സ്വദേശി ഹാഷിമും(31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം.
Post Your Comments