EasterFestivals

യേശുവിന്റെ മൃതദേഹത്തില്‍ പുരട്ടുവാന്‍ സുഗന്ധദ്രവ്യങ്ങളുമായാണ് അവർ അതിരാവിലെ കല്ലറയിലേക്കു പോയത്- ഈസ്റ്ററിനെ അറിയാം

സ്‌നേഹത്തിൻ്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.

മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. ലോകത്തിൻ്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിൻ്റെ അനുസ്മരണമാണ് ഈസ്റ്റര്‍. സ്‌നേഹത്തിൻ്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.

ജീവിതത്തിൽ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ദുഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിൻ്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിൻ്റെ ആഹ്ലാദവുമായി ഈ ദിനം ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും.യേശുവിന്റെ മൃതദേഹത്തില്‍ പുരട്ടുവാന്‍ സുഗന്ധദ്രവ്യങ്ങളുമായാണ് മഗ്ദലന മറിയവും യാക്കോബിന്‍െറ അമ്മയായ മറിയവും സലോമിയും അതിരാവിലെ കല്ലറയിലേക്കു പോയത്.

യേശുവിനെ സംസ്ക്കരിച്ച കല്ലറയുടെ വാതില്‍ ഒരു വലിയ കല്ലുരുട്ടിവച്ച് അടച്ചിരുന്നതിനാല്‍ അത് നീക്കാനാകുമോയെന്ന് മൂന്നാള്‍ക്കും സംശയമുണ്ടായിരുന്നു. കല്ലറയുടെ വാതില്‍ക്കലെത്തിയ നിമിഷം മുന്നാളും അത്ഭുതചകിതരായി. ആരോ കല്ലറയുടെ മുന്നില്‍ വച്ചിരുന്ന കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു. അവര്‍ കല്ലറയ്ക്കുള്ളില്‍ കടന്നപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ പറഞ്ഞു:”യേശു ഉയര്‍ത്തെഴുന്നേറ്റു. നിങ്ങള്‍പോയി പത്രോസിനേയും മറ്റു ശിഷ്യന്മാരെയും അറിയിക്കണം. അവിടുന്ന് നിങ്ങള്‍ക്കു മുന്പേ ഗലീലിയിലേക്കു പോകുന്നു. വാഗ്ദാനം ചെയ്തതു പോലെ അവിടെവച്ച് നിങ്ങള്‍ അവിടുത്തെ കാണും.”

സ്ത്രീകള്‍ ഭയന്ന്കല്ലറ വിട്ട് ഓടിപ്പോയി (മര്‍ക്കോ 16 1-18).ആ ദിവസം തന്നെ യേശു ജറുസലെമില്‍ നിന്നും എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ട് ശിഷ്യന്മാരുടെ മുന്നിലും പത്രോസിന്റെ മുന്നിലും പ്രത്യക്ഷപ്പെട്ടു. ശിഷ്യന്മാര്‍ ജറുസലേമില്‍ സമ്മേളിച്ച് ഭയന്ന് കതകടച്ചിരുന്ന നേരം യേശു വീണ്ടും അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.തന്റെ കയ്യിലെ മുറിപ്പാടുകള്‍ അവരെ കാണിച്ചു. ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞു. “നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതു പോലെ, ഞാനും നിങ്ങളെ അയക്കുന്നു.

നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ, അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. (യോഹ. 20:19-23). യേശുവിന്‍െറ ആവശ്യപ്രകാരം ഗലീലി മലയില്‍ എത്തിയ ശിഷ്യന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹം അരുള്‍ ചെയ്തു. “നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍െറയും പുത്രന്റെയും പരിശുദ്ധാത്മാവിന്‍െറയും നാമത്തില്‍ അവര്‍ക്കു മാമ്മോദീസ നല്കുവിന്‍. യുഗാവസാനം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. (മത്താ. 28:16 – 20).

shortlink

Related Articles

Post Your Comments

Related Articles


Back to top button