Latest NewsKerala

ശുശ്രൂഷമധ്യേ രാഷ്ട്രീയ പ്രവർത്തനം, കുഞ്ഞാടുകളെ ചെന്നായ്ക്കളുടെ ആലയത്തിലേക്ക് തെളിക്കുന്ന ഇടയന്മാർക്കെതിരെ ‘ആട് ലേഖനം’

യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നതിനു പകരം ചില ഇടയന്മാർ കുഞ്ഞാടുകളെ ചെന്നായയുടെ കൂടാരത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് ക്രിസ്ത്യൻ സംഘടന.
കാശ്മീരിൽ ഇന്ന് ക്രിസ്ത്യാനികൾ ദുഃഖവെള്ളി ആഘോഷിച്ചതിന്റെ കാരണം മറക്കരുതെന്നും കാസയുടെ മുന്നറിയിപ്പ്.

കാസയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇടയ ലേഖനത്തിന് ബദലായി വിശ്വാസിയുടെ ആട് ലേഖനം !
ദുഃഖവെള്ളിയാഴ്ച ദിവസം കർത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്നതിനു പകരം ശുശ്രൂഷ മധ്യേ രാഷ്ട്രീയ പ്രവർത്തനം നടത്തി കുഞ്ഞാടുകളെ ചെന്നായ്ക്കളുടെ ആലയത്തിലേക്ക് ആട്ടിത്തെളിക്കാനുള്ള ചില ഇടയന്മാരുടെ നടപടിയിൽ പ്രതിഷേധിച്ച് കുഞ്ഞാടുകളുടെ കൂട്ടത്തിൽ നിന്നും വെളിവുള്ള ഒരു വിശ്വാസി എഴുതിയ ആട് ലേഖനം.
ഇന്ന് ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ പ്രചരിച്ച ആടു ലേഖനത്തിന്റെ പൂർണ്ണരൂപം ചുവടെ വായിക്കുക ?

ആടു ലേഖനം.

ഭാരത കത്തോലിക്ക സഭകളിലെ അഭിവന്ദ്യ പിതാക്കന്മാരെ,
നോമ്പു കാലഘട്ടത്തിലെ അനുഷ്ഠാനങ്ങളിലൂടെയും പ്രാർത്ഥനയിലൂടെയും സഹനങ്ങളിലൂടെയും നാം കടന്നു പോവുകയായിരുന്നു. ഇന്ന് ഉയർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന നിങ്ങൾക്കെല്ലാവർക്കും ഉത്ഥിതനായ ക്രിസ്തുവിന്റെ നാമത്തിൽ തിരുനാളിന്റെ മംഗളങ്ങൾ ഏറ്റവും സ്നേഹത്തോടെ നേരുന്നു. ഭാരതകത്തോലിക്കാ സഭയിലെ ആടുകളായ അല്മായർക്കും സന്യാസിനി സന്യാസികൾക്കും വൈദികർക്കും വേണ്ടി അവരുടെ സ്വന്തം ഇടയന്മാർക്ക് എഴുതുന്ന ഒരു തുറന്ന കത്ത് ആയതുകൊണ്ടാണ് ഇതിനെ ആട് ലേഖനം എന്ന പേരിട്ടത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ!

കഴിഞ്ഞ 40 ദിവസങ്ങളായി പീഡാനുഭവ രഹസ്യങ്ങളിലൂടെ പല ആവർത്തി നാം കടന്നു പോവുകയായിരുന്നു. പിലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്ത വരെയുള്ള ഓരോ സംഭവങ്ങളെയും നാം അനുസ്മരിച്ചു കഴിഞ്ഞു. ഇനി നാം അനുസ്മരിക്കാനിരിക്കുന്നത് വിജയത്തിന്റെയും ഉത്ഥാനത്തിന്റെയും ദിനങ്ങളാണ്. ക്രിസ്തുവിന്റെ കുരിശുമരണം മനുഷ്യരുടെ വിധിയായിരുന്നുവെങ്കിൽ, ഉത്ഥാനം മനുഷ്യന് അപ്രാപ്യമായ പ്രപഞ്ച രഹസ്യം ആയിരുന്നു. അത് ദൈവീക തീരുമാനവും ആയിരുന്നു.
കാശ്മീരിലെ ക്രിസ്ത്യാനികൾ ഭയമില്ലാതെ ഈ ദുഃഖ വെള്ളി ആചരണം നടത്തുന്നത് ടിവിയിൽ കണ്ട് നമ്മളെല്ലാവരും ഒരുപോലെ ആശ്ചര്യപ്പെടുകയുണ്ടായി. ഒരു പതിറ്റാണ്ടായി മോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ നാം സർവ്വസ്വാതന്ത്രത്തോടെ ജീവിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പിലാത്തോസിനു മുമ്പിൽ കൂടിയ ജനക്കൂട്ടത്തെ പോലെ ചിലർ അദ്ദേഹത്തിനെതിരെ ആർപ്പു വിളിക്കുന്നുണ്ടായിരുന്നു. ഇലക്ഷൻ കാലഘട്ടം ഒരു ഗാഗുൽത്താ യാത്രയാണ്. കേവലം സ്ഥാപനങ്ങളെ സുസ്ഥിരപ്പെടുത്താൻ സ്വാർത്ഥ താല്പര്യങ്ങളാൽ പ്രേരിതരായി ആ ജനക്കൂട്ടത്തിൽ ഒരാളാകാൻ നാം പ്രലോഭിതരായേക്കാം. ദൈവീക പരിപാലനയിൽ മൂന്നാം നാളിലെ ഉത്ഥാനം സുനിശ്ചിതമാണെന്ന് നമ്മുക്ക് മറക്കാതിരിക്കാം.

വിജയത്തിലേക്കുള്ളതാണെങ്കിലും ദുർഘടമേറിയ ഈ ഗാഗുൽത്താ യാത്രയിൽ, നമ്മുടെ സമുദായത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അവസരം ഒരുക്കിയ നേതാവിനെ നാം എങ്ങനെയാണ് വിലയിരുത്തുന്നത്? മുന്നോക്ക സംവരണം പോലുള്ള നടപടികളിലൂടെ അദ്ദേഹം കാണിച്ച ധൈര്യവും ദീർഘവീക്ഷണവും നാം അംഗീകരിക്കുന്നുണ്ടോ? ഇസ്ലാമിക അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് ശാശ്വത പരിഹാരം നൽകാൻ സിഎഎ നൽകിയ അവസരത്തെ നാം എങ്ങനെയാണ് കാണുന്നത്? രാഷ്ട്രീയ താൽപ്പര്യങ്ങൾക്കു വേണ്ടി ഈ നിയമത്തെ തള്ളിപ്പറയുന്നത് ക്രിസ്തുവിനെ കുരിശിൽ തറക്കാൻ വിട്ടുകൊടുത്ത യഹൂദ പ്രമാണിമാരുടെ പ്രവൃത്തിയോട് സാമ്യമുള്ളതല്ലേ?

FCRA അക്കൗണ്ടുകൾക്ക് വേണ്ടി ഒരു ജനതയെതന്നെ നിരാലംബരാക്കുന്ന നിലപാട് ക്രിസ്തീയ മൂല്യങ്ങളുമായി യോജിക്കുന്നതാണോ? ‘സഹോദര’ മത ഭരണത്തിൽ കീഴിൽ ആയാലും സ്ഥാപനങ്ങൾ നടത്താനുള്ള എഫ്സിആർഎ അക്കൗണ്ടുകൾ മതി എന്ന് കരുതുമ്പോൾ ക്രിസ്തു ഓറശ്ലേം പുത്രിമാർക്ക് നൽകിയ മുന്നറിയിപ്പിന്റെ ദിനങ്ങൾ ഭാരതത്തിലും സംജാതമായി എന്ന് കരുതാതെ തരമില്ല. സ്ഥാപനങ്ങളല്ല, ക്രിസ്തു ജനമാണ് എന്നേക്കും നിലനിൽക്കേണ്ടത് എന്ന യഥാർത്ഥ്യം നാം മറന്നു പോവുകയാണോ? എറണാകുളം അതിരൂപതയിലെ ആരാധന പ്രശ്നത്തെ സഭയിലെ മുഴുവൻ പ്രശ്നമായി പർവതീകരിച്ച് കാണിക്കുന്നത് മൗഢ്യമാണെന്ന് നമുക്കറിയാം. ചെറുതാണെങ്കിലും അതിലെ പരിഹാരം കഠിനമാണെന്നും അറിയാം. മണിപ്പൂരിലെ പ്രശ്നം ഇതേ അവധാനതയോടെ കാണാൻ ആകാതെ പർവ്വതീകരിച്ച് ഭാരതകത്തോലിക്കരുടെ മുഴുവൻ പ്രശ്നമായി കാണുന്നത് കേവലം രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിലല്ലേ? അതിലെ പ്രശ്നപരിഹാരം സങ്കീർണ്ണം ആണെന്ന് നമുക്ക് അറിയാത്തതല്ലലൊ!

പരിശോധനയുടെ ഈ ദിനങ്ങളിൽ നാം നമ്മുടെ വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ കാര്യങ്ങളെ വിലയിരുത്തേണ്ടതുണ്ട്. രാഷ്ട്രീയ താൽപ്പര്യങ്ങളും വ്യക്തിപരമായ അഭിപ്രായങ്ങളും ക്രിസ്തീയ ദർശനത്തെ മറയ്ക്കാൻ അനുവദിക്കരുത്. നമ്മുടെ വിശ്വാസത്തിന്റെ വെളിച്ചത്തിൽ നാം നടത്തുന്ന ഓരോ പ്രവൃത്തിയും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തണം. ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന വേളയിലെ ഈ തിരിഞ്ഞു നോട്ടം നമ്മെ യഥാർത്ഥ ക്രിസ്തീയ മൂല്യങ്ങളിലേക്ക് തിരികെ കൊണ്ടുവരട്ടെ. ക്രിസ്തുവിനോടൊപ്പം മരിച്ച നല്ല കള്ളന്റെയെങ്കിലും വിവേകത്തിനായി നമുക്കൊരുമിച്ച് സർവ്വേശ്വരനോട് പ്രാർത്ഥിക്കാം.
എന്ന് യേശുവിൽ ഏറ്റവും സ്നേഹത്തോടെ, ഇടയന്മാരുടെ വാക്കുകൾക്കും നിർദ്ദേശങ്ങൾക്കും എന്നും കാതോർക്കുന്ന,
സ്വന്തം ആടുകൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button