മുട്ടക്കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ലിവ് ഇൻ റിലേഷൻഷിപ്പ് പങ്കാളിയെ ദാരുണമായി കൊലപ്പെടുത്തി. സംഭവത്തിൽ ലല്ലൻ യാദവ് എന്ന 35-കാരനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. 32 കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചപ്പോൾ തനിക്ക് ദേഷ്യം വന്നെന്നും തുടർന്ന് ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് അഞ്ജലിയെ മർദ്ദിക്കുകയായിരുന്നെന്നും പ്രതി സമ്മതിച്ചു. ഗുരുഗ്രാമിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏഴ് മാസം മുമ്പാണ് തെരുവിൽ മാലിന്യം ശേഖരിച്ച് വിൽക്കുന്ന അഞ്ജലിയെ ലല്ലൻ യാദവ് പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും കൂലിപ്പണി ചെയ്ത് ഒരുമിച്ച് ജീവിക്കുകയായിരുന്നു. മാർച്ച് 10-നാണ് രണ്ട് പേരും ഗുരുഗ്രാമിലെ ജോലി സ്ഥലത്ത് എത്തുന്നത്. തുടർന്ന് സമീപത്തുള്ള കെട്ടിടത്തിൽ താമസിക്കുകയായിരുന്നു. അവരുടെ ശരിയായ പേരുകളും വിലാസങ്ങളും ഐഡികളും വീട്ടുടമസ്ഥൻ സൂക്ഷിച്ചിട്ടില്ല.
അഞ്ജലിയെ കൊലപ്പെടുത്തിയ ശേഷം അന്നേദിവസം തന്നെ പ്രതി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ ശക്തമായ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും ബെൽറ്റും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യംചെയ്ത് വരികയാണ്. ആറ് വർഷം മുമ്പാണ് ലല്ലൻ യാദവിന്റെ ഭാര്യ പാമ്പുകടിയേറ്റ് മരിച്ചത്.
Post Your Comments