കോഴിക്കോട് : യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്. മലപ്പുറം സ്വദേശി മുജീബാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാളെ അറസ്റ്റു ചെയ്തു. നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ. അത് കൊണ്ട് തന്നെ മൃതദേഹം അർദ്ധനഗ്നയായി കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുകയാണ്.
മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകാനായി പോയ അനുവിനോട് ഇയാൾ ബൈക്കിൽ ലിഫ്റ്റ് കൊടുത്തു. തുടർന്ന് വഴിയിൽ വെച്ച് തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സമീപത്തുള്ള സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിൻറെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ നേരത്തെ പൊലീസ് എത്തിച്ചേർന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കിൽ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയിൽ ഇയാളെ കണ്ടെത്തിയത്.
Post Your Comments