കോഴിക്കോട്: പേരാമ്പ്രയിലെ അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റവീന അറസ്റ്റിൽ. അനുവിന്റെ സ്വർണാഭരണങ്ങൾ വിറ്റ് ലഭിച്ച പണം റവീനയാണ് ഒളിപ്പിച്ചിരുന്നത്. കൊലക്കുറ്റം മറച്ചുവെച്ചു എന്നതും ഇവർക്കെതിരെയുള്ള കുറ്റങ്ങളിൽ ഒന്നാണ്. വ്യാഴാഴ്ച വൈകീട്ടായിരുന്നു കേസിലെ രണ്ടാം പ്രതിയായ റവീനയുടെ അറസ്റ്റ്. അനുവിനെ മുജീബ് കൊലപ്പെടുത്തിയ വിവരം റവീനയ്ക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അനുവിന്റെ സ്വർണം വിറ്റ് ലഭിച്ച 1,43,000 രൂപ ഭാര്യയെയായിരുന്നു മുജീബ് ഏൽപ്പിച്ചിരുന്നത്. പിന്നീട്, ഈ പണം റവീന തന്റെ സുഹൃത്തിന് കൈമാറുകയായിരുന്നു. നേരത്തെ, ആഭരണം വിറ്റ് ലഭിച്ച പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പോലീസ് ആവർത്തിച്ച് ചോദിച്ചിട്ടും മുജീബും ഭാര്യയും വിവരം നൽകിയിരുന്നില്ല. മുജീബ് പോലീസ് പിടിയിലായാല്‍ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണെന്ന് നേരത്തെ വ്യക്തമായിരുന്നു. പോലീസ് വീട്ടില്‍ അന്വേഷിച്ചു ചെന്ന ദിവസം തെളിവ് നശിപ്പിക്കാനുള്ള ശ്രമവും ഇവർ നടത്തിയിരുന്നു. കൊലപാതകം ചെയ്യുമ്പോൾ മുജീബ് ധരിച്ച വസ്ത്രങ്ങളെല്ലാം കത്തിക്കാനുള്ള ശ്രമവും റവീന നടത്തിയിരുന്നു. എന്നാൽ, പോലീസ് ഇത് വിഫലമാക്കുകയായിരുന്നു.
മാര്‍ച്ച് 11-നാണ് പേരാമ്പ്ര വാളൂര്‍ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്‌മാന്‍ കൊലപ്പെടുത്തിയത്. ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം യുവതിയെ തോട്ടില്‍ തള്ളിയിട്ട പ്രതി, വെള്ളത്തില്‍ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു.
Post Your Comments