KeralaLatest News

കോവിഡ് സമയത്ത് ഓട്ടോയിൽ കയറിയ വയോധികയെ മുജീബ് ക്രൂരമായി ബലാത്സംഗം ചെയ്തു: അന്നത്തെ ഇരയ്ക്ക് പറയാനുള്ളത്

കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകത്തിൽ പ്രതികരണവുമായി ഈ കേസിലെ പ്രതി മുജീബ് മുൻപ് ക്രൂരമായി ബലാത്സംഗം ചെയ്ത വയോധിക രംഗത്ത്. അന്നു പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ പേരാമ്പ്ര നൊച്ചാട് സ്വദേശിനി കുറുങ്കുടി മീത്തൽ അനു കൊല്ലപ്പെടില്ലായിരുന്നെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറഞ്ഞു. പേരാമ്പ്ര അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍ ആണ് മുക്കം മുത്തേരി ബലാത്സംഗ കേസിലെയും പ്രതി.

താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറഞ്ഞു.2020 ജൂലൈയിലാണ് മുത്തേരിയിൽ വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തശേഷം മുജീബ് പണവും ആഭരണവും കവര്‍ന്നത്. കോവിഡ് കാലത്ത് വാഹനങ്ങളൊന്നുമില്ലാത്തതിനാൽ നടന്നു പോകുകയായിരുന്ന വൃദ്ധയ്ക്ക് മോഷ്ടിച്ച ഓട്ടോയിലെത്തിയ മുജീബ് ലിഫ്റ്റ് നൽകുകയായിരുന്നു.

ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്തത് പണം കവരുകയായിരുന്നു. അന്ന് അറസ്റ്റിലായ മുജീബ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടെങ്കിലും കൂത്തുപറമ്പില്‍ വച്ച് പിടിയിലായി. ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി മുജീബിന് ജാമ്യം അനുവദിച്ചു.

സമാനമായ കുറ്റകൃത്യമാണ് ഈ മാസം 11നു പേരാമ്പ്രയിലും നടന്നത്. ഇരിങ്ങണ്ണൂരിലെ വീട്ടിൽ നിന്ന് എത്തുന്ന ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നു നടന്നു പോവുകയായിരുന്ന അനുവിനെ വാളൂർ നടുക്കണ്ടിപ്പാറയിൽ വച്ചാണ് പ്രതി കണ്ടത്. കണ്ണൂർ മട്ടന്നൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചാണ് മുജീബ് റഹ്മാൻ ഇവിടെ എത്തിയത്. വാഹനം ലഭിക്കാൻ പ്രയാസമുള്ള ഭാഗമാണ് ഇവിടം.

അത്യാവശ്യമാണെങ്കിൽ തൊട്ടടുത്ത സ്ഥലത്ത് വിടാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിച്ചത്. ഹെൽമറ്റും കോട്ടും ധരിച്ചിരുന്നു. ആദ്യം കയറാൻ മടിച്ച യുവതി പിന്നീട് സമീപവാസികൾ ആരെങ്കിലും ആയിരിക്കുമെന്ന് കരുതിയാകാം പ്രതിയുടെ ബൈക്കിൽ കയറിയതെന്ന് പൊലീസ് കരുതുന്നു.

തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ തോടിനു സമീപം എത്തിയപ്പോൾ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയും തല വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി ആഭരണം കവരുകയുമായിരുന്നു. യുവതി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. മോഷണവും ബലാത്സംഗവും അടക്കം 57 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button