ന്യൂഡൽഹി: രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകളിൽ 97.62 ശതമാനം തിരികെ ലഭിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രചാരം അവസാനിപ്പിച്ചെങ്കിലും, 2000 രൂപ നോട്ടുകൾക്ക് ഇപ്പോഴും നിയമപ്രാബല്യം ഉണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 2023 മെയ് 19-നാണ് 2000 രൂപ നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അന്ന് 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. നിലവിൽ, ഇത് 8470 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ടെന്ന് ആർബിഐ അറിയിച്ചു.
2000 രൂപ നോട്ടുകൾ വിവിധ ബാങ്കുകൾ മുഖാന്തരം നിക്ഷേപിക്കുന്നതിനും/ മാറ്റി വാങ്ങുന്നതിനും 2023 ഒക്ടോബർ 7 വരെയാണ് സമയപരിധി നൽകിയത്. കൂടാതെ, റിസർവ് ബാങ്ക് ഇഷ്യൂ ചെയ്ത ഓഫീസുകളിലും ഈ സൗകര്യം ലഭ്യമാക്കിയിരുന്നു. 2000 രൂപ നോട്ടുകൾ നിരോധിച്ച് ആഴ്ചകൾക്കകം പകുതിയിലധികം നോട്ടുകൾ തിരികെ ലഭിച്ചിട്ടുണ്ട്.
500, 1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആവശ്യകത നിറവേറ്റുന്നതിനാണ് 2016 നവംബറില്‍ 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ ഇറക്കിയത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായതിനെ തുടര്‍ന്ന് 2018-19ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി ആര്‍ബിഐ അറിയിച്ചു. ഇതിന്റെ തുടർച്ചയായാണ് പ്രചാരത്തിൽ നിന്നും നോട്ടുകൾ പിൻവലിച്ചത്.
Post Your Comments