രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകൾ ഇനിയും കയ്യിൽ ഉണ്ടെങ്കിൽ അവ മാറാൻ അവസരം. റിസർവ് ബാങ്കിന്റെ നിർദ്ദിഷ്ട റീജിയണൽ ഓഫീസുകളിലേക്ക് നോട്ടുകൾ പോസ്റ്റൽ മുഖാന്തരം അയച്ചാണ് മാറ്റിയെടുക്കാനാകുക. ജനങ്ങൾക്ക് ആർബിഐ റീജിയണൽ ഓഫീസുകളിൽ എത്തുന്നതിനുള്ള അസൗകര്യം ഒഴിവാക്കാനാണ് പോസ്റ്റൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ടിഎൽആർ ഫോം വഴിയും, ഉപഭോക്താക്കൾക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നോട്ടുകൾ നിക്ഷേപിക്കാനുള്ള അവസരമുണ്ട്. ഈ തുക പിന്നീട് അക്കൗണ്ടുകളിൽ എത്തുന്നതാണ്.
ഉപഭോക്താക്കൾ പോസ്റ്റൽ മുഖാന്തരം അയക്കുന്ന സംവിധാനത്തെയാണ് ആർബിഐ പ്രോത്സാഹിപ്പിക്കുന്നത്. ഇൻഷുവേർഡ് പോസ്റ്റും, ടിഎൽആർ ഫോം വഴിയുള്ള രീതിയും സുരക്ഷിതമാണെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കി. ആർബിഐയുടെ ഡൽഹി ഓഫീസിൽ ഇതുവരെ 700 ടിഎൽആർ ഫോമുകൾ ലഭ്യമാക്കിയിട്ടുണ്ട്. 2023 മെയ് 19നാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചത്. അച്ചടിച്ച 2000 രൂപ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് ആർബിഐ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Also Read: ഐപിഎൽ 2024: ലേലം ഡിസംബർ 19ന് ദുബായിൽ
Post Your Comments