Latest NewsIndia

അതികഠിനമായ തണുപ്പിനെ അവഗണിച്ചും ഭക്തജനലക്ഷങ്ങൾ അയോധ്യയിൽ, രാമക്ഷേത്രത്തിൽ ആദ്യദിവസത്തെ വരുമാനം 3.17 കോടി

അയോധ്യ: രാമക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നത് ജനലക്ഷങ്ങളാണ്. പൊതുജനങ്ങൾക്ക് ദർശനത്തിന് അനുമതി നൽകിയ ആദ്യ ദിനം തന്നെ മൂന്നു ലക്ഷത്തിലേറെ ഭക്തർ ദർശനം നടത്തിയെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ആദ്യദിനത്തിൽ കാണിക്കയായി ലഭിച്ച പണത്തിന്റെ കണക്കും ക്ഷേത്രം ഭാരവാഹികൾ പുറത്തുവിട്ടു. മൂന്നു കോടിയിലേറെ രൂപയാണ് ജനുവരി 23ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ നടവരവ്.

ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചത് 3.17 കോടി രൂപയാണ്. ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും ലഭിച്ച പണത്തിന്റെ കണക്കാണിത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 10 സംഭാവന കൗണ്ടറുകൾ തുറന്നതായും രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു.

അഞ്ച് ലക്ഷത്തിലധികം ഭക്തരാണ് അന്നേ ദിവസം രാമക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. ബുധനാഴ്ചയും സമാനമായ രീതിയിൽ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടതെന്നും അനിൽ മിശ്ര പറയുന്നു. ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്നും അനിൽ മിശ്ര പറഞ്ഞു.

22ാം തിയതി പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം 23ാം തിയതി മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. അതികഠിനമായ തണുപ്പിനെ അവഗണിച്ചാണ് ഭക്തർ പുലർച്ചെ മുതൽ ക്ഷേത്ര ദർശനത്തിനായി ക്യൂ നിൽക്കുന്നത്.

ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ക്യൂ സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും, എല്ലാവർക്കും സുഗമമായ ദർശനം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഉത്തർപ്രദേശിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജി പ്രശാന്ത് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button