ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെ ക്ഷേത്രത്തിലെത്തിയത് 1.5 കോടിയിലധികം വിശ്വാസികള്‍. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. രാംലല്ലയെ ദര്‍ശിക്കാന്‍ ദിനംപ്രതി ഒരു ലക്ഷത്തിലധികം പേര്‍ അയോദ്ധ്യയിലെത്തുന്നുണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
രാമക്ഷേത്രത്തിന് ചുറ്റും 14 അടി വീതിയില്‍ സുരക്ഷാ ഭിത്തി നിര്‍മിക്കും. പാര്‍ക്കോട്ട എന്ന പേരിലായിരിക്കും സുരക്ഷാ ഭിത്തികള്‍ അറിയപ്പെടുക. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ക്ഷേത്ര സമുച്ചയത്തില്‍ ആറ് ചെറിയ ക്ഷേത്രങ്ങള്‍ കൂടി നിര്‍മിക്കും. അവിടെ ഭഗവാന്‍ ശങ്കരന്റെയും സൂര്യന്റെയും ഹനുമാന്റെയും അന്നപൂര്‍ണയുടെയും പ്രതിഷ്ഠകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 17-നായിരുന്നു വിശ്വാസികള്‍ ഏറെ നാളായി കാത്തിരുന്ന സൂര്യ അഭിഷേക് നടന്നത്. ബാലകരാമന്റെ നെറ്റിയില്‍ പതിക്കുന്ന സൂര്യകിരണങ്ങള്‍ കാണാനും അനുഗ്രഹം വാങ്ങാനും വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയത്.
ഉച്ചയ്ക്ക് 12.15 മുതല്‍ 12.19 വരെയാണ് സൂര്യതിലകം രാംലല്ലയില്‍ പതിഞ്ഞത്.
Post Your Comments