ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം. മൂന്നാറിലെ ജനവാസ മേഖലയിലാണ് പടയപ്പ ഇറങ്ങിയത്. കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിൽ ഇറങ്ങിയ പടയപ്പ, പ്രദേശത്തെ കൃഷികൾ വലിയ തോതിൽ നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ കന്നിമല എസ്റ്റേറ്റിൽ പടയപ്പയുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് പുലർച്ചയോടെയാണ് ജനവാസ മേഖലയിലേക്ക് എത്തിയത്.
നായ്ക്കളുടെ കുര കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പടയപ്പയെ കണ്ടത്. തുടർന്ന് പടക്കം പൊട്ടിച്ചും, തീപ്പന്തം കാണിച്ചും ജനവാസ മേഖലയിൽ നിന്ന് പടയപ്പയെ തുരത്തുകയായിരുന്നു. പടയപ്പ ജനവാസ മേഖലയിലെത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയും സമാനമായ രീതിയിൽ പടയപ്പ ജനവസ മേഖലയിൽ എത്തിയിരുന്നു. അന്ന് പെരിയവാരെ എസ്റ്റേറ്റിലെ 49-ാം നമ്പർ റേഷൻ കട ഭാഗികമായി തകർത്താണ് പടയപ്പ കാടുകയറിയത്. ജനവാസ മേഖലയിൽ പടയപ്പയുടേതടക്കമുള്ള കാട്ടാനശല്യം ഉടൻ പരിഹരിക്കാൻ വനം വകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments