
ന്യൂഡൽഹി: സംസ്ഥാനത്തെ നാട്ടാനകളുടെ സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
തെരുവ് നായ്ക്കളുടെ വിഷയം പരിഗണിക്കാനായി സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഇത് എങ്ങനെ നാട്ടാന പരിപാലനത്തിലേക്ക് എത്തിയെന്നും സുപ്രീം കോടതി ചോദിച്ചു.
ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണ് ആന എഴുന്നള്ളത്ത്. അത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയിൽ നടക്കുന്നതെന്നും സുപ്രീം കോടതിയുടെ നിരീക്ഷിച്ചു. ആനകൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് ബിവി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ തുടരും.
ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. ആവശ്യം സുപ്രീം കോടതി നിരസിച്ചതിനെ തുടർന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹർജി പിൻവലിച്ചു.
Post Your Comments