
കൊച്ചി : ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. കയ്യേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളികൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പരുന്തുംപാറയില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ഐജി കെ സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്.
റവന്യു വകുപ്പിന്റെ എന്‍ഒസിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത ഒരു നിര്‍മാണ പ്രവര്‍ത്തനവും പരുന്തുംപാറയില്‍ അനുവദിക്കരുത്. നിര്‍മാണ സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ ഇവിടേക്ക് കയറ്റിവിടരുത്.
ഇക്കാര്യം ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണം. പരുന്തുംപാറയിലെ കയ്യേറ്റക്കാരുടെ പട്ടിക ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കയ്യേറ്റക്കാരെയും കേസില്‍ കക്ഷി ചേര്‍ക്കും.
Post Your Comments