ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ യമനിലെ ഹൂദി സായുധ വിഭാഗങ്ങളുടെ ആക്രമണം പതിവാകുന്നു. യൂറോപ്പും ഏഷ്യയുമായുള്ള ചരക്ക് വ്യാപാരം സുഗമമാക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർ ചെങ്കടൽ, സൂയസ് കനാൽ മുഖാന്തരം ഉള്ള പാതയാണ് തിരഞ്ഞെടുക്കാറുള്ളത്. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പതിവായതിനാൽ, ഇതുവഴിയുള്ള ചരക്ക് നീക്കം മറ്റൊരു പാതയിലേക്ക് മാറ്റാൻ നിർബന്ധിതരാവുകയാണ് കയറ്റുമതിക്കാർ. ലോകത്തിലെ മുൻനിര ഷിപ്പിംഗ് കമ്പനികൾ ചെങ്കടൽ ഒഴിവാക്കി, ഗുഡ് ഹോപ്പ് മുനമ്പിലൂടെ കപ്പലുകൾ വഴിതിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഈ പാത തിരഞ്ഞെടുക്കുന്നതോടെ ചരക്ക് കൈമാറ്റ ചാർജ്, ഇൻഷുറൻസ് ചെലവ് എന്നിവയിൽ 30 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായേക്കും.
കപ്പലുകൾ ചുറ്റിക്കറങ്ങി പോകുന്നതിനാൽ കണ്ടെയ്നറുകൾ യൂറോപ്പിലെത്താൻ 15 ദിവസം മുതൽ 20 ദിവസം വരെ സമയമെടുക്കും. ഇത് കയറ്റുമതിക്കാർക്ക് വലിയ രീതിയിലാണ് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്ന ചരക്കുകപ്പലുകളിൽ 50 ശതമാനത്തിലധികവും സൂയസ് കനൽ വഴിയാണ് പോകുന്നത്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനമാണിത്. കപ്പലുകൾ ഗുഡ്ഹോപ്പ് മുനമ്പിലൂടെ വഴി തിരിച്ചുവിടുന്ന സാഹചര്യം ഉണ്ടായാൽ, കൊച്ചി, തൂത്തുകുടി തുടങ്ങിയ തുറമുഖങ്ങളിൽ വലിയ തോതിൽ ചരക്കുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായേക്കും. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികൾ പലസ്തീനിനോടുള്ള പിന്തുണ അറിയിക്കുന്നതിനാണ് തുടർച്ചയായി ചരക്കുകപ്പലുകളെ ആക്രമിക്കുന്നത്.
Post Your Comments