കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവിന്റെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ആർ.എസ്.എസ് അജണ്ട ഒരു കാരണവശാലും സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ആർ.എസ്.എസ് വിചാരകേന്ദ്രം പരിപാടിക്കെത്തുന്ന ഗവർണർ സർവകലാശാലയിലെ അക്കാദമിക് പ്രവർത്തനങ്ങളെല്ലാം തടസപ്പെടുത്തിയെന്നും ആർഷോ ആരോപിച്ചു. സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധിക്കാനെത്തിയ ആർഷോ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നേരത്തെ, എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ഗവർണർ അറിയിച്ചിരുന്നു. പ്രതിഷേധക്കാരെ ഭയമില്ലെന്നും തടഞ്ഞാൽ ഇനിയും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന് അടുത്തുവന്ന് പ്രതിഷേധിച്ചാൽ താൻ വാഹനത്തിന് പുറത്തിറങ്ങും എന്നാണ് അദ്ദേഹം പറയുന്നത്. കരിങ്കൊടി കാണിക്കുന്നത് തുടരുമെന്നും എന്നാൽ തന്നെ തടയാൻ ഒരു ശ്രമവും ഉണ്ടാകില്ലെന്നും അവർ ഔദ്യോഗികമായി വ്യക്തമാക്കികഴിഞ്ഞു.
അതേസമയം, ഗവർണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയതോടെ ഗവർണ്ണറുടെ പൊതുപരിപാടികൾ പൊലീസിന് തലവേദനയാകും. എസ്എഫ്ഐക്കാരെ ഗവർണർ വീണ്ടും ഗുണ്ടകളെന്ന് വിളിച്ചു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments