ഡൽഹി: തങ്ങളുടെ യഥാർത്ഥ പദ്ധതി തെറ്റി പാർലമെന്റിൽ എത്താൻ കഴിയാതെ വന്നാൽ പ്ലാൻ ബി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി പാർലമെന്റ് അക്രമണകേസിലെ പ്രധാന സൂത്രധാരൻ ലളിത് ഝാ. ചോദ്യം ചെയ്യലിലാണ് ലളിത് ഝാ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതെങ്കിലും കാരണത്താൽ നീലത്തിനും അമോലിനും പ്ലാൻ എ പ്രകാരം പാർലമെന്റിന് സമീപം എത്താൻ സാധിച്ചില്ലെങ്കിൽ മഹേഷും കൈലാഷും മറ്റൊരു ദിശയിൽ നിന്ന് പാർലമെന്റിനെ സമീപിക്കണമെന്നും തുടർന്ന് കളർ ബോംബുകൾ കത്തിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കണമെന്നും തീരുമാനിച്ചിരുന്നതായി ലളിത് ഝാ വ്യക്തമാക്കി.
സംഘം താമസിച്ചിരുന്ന ഗുരുഗ്രാമിലെ വിശാൽ ശർമ്മ എന്ന വിക്കിയുടെ വീട്ടിൽ മഹേഷും കൈലാഷും എത്താതിരുന്നതിനാൽ, എന്ത് വില കൊടുത്തും പാർലമെന്റിന് പുറത്ത് ചുമതല പൂർത്തിയാക്കാൻ അമോലിനോടും നീലത്തോടും നിർദ്ദേശിക്കുകയായിരുന്നുവെന്നും ഝാ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന സുരക്ഷാ വീഴ്ചയിൽ സാഗർ ശർമ്മയും മനോരഞ്ജൻ ഡിയും പൊതു ഗാലറിയിൽ നിന്ന് ലോക്‌സഭാ ചേമ്പറിലേക്ക് ചാടി, സ്‌മോക്ക് സ്പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതേസമയം അമോലും നീലവും പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. ഇതിന് ശേഷം ഒളിവിൽ പോകാനും ലളിത് പദ്ധതിയിട്ടിരുന്നു. പദ്ധതി പ്രകാരം ലളിതിന് രാജസ്ഥാനിൽ ഒളിക്കുന്നത് സഹായിക്കാനുള്ള ചുമതല മഹേഷിന് നൽകി. മഹേഷ് തന്റെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചാണ് ലളിതിന് ഗസ്റ്റ് ഹൗസിൽ താമസം ഒരുക്കിയത്.
Post Your Comments