Latest NewsIndia

പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യ പ്രതി ലളിത് ഝായ്ക്ക് തൃണമൂൽ ബന്ധം: തെളിവ് പുറത്ത് വിട്ട് ബിജെപി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യ പ്രതി ലളിത് ഝായുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിജെപി. ലളിത് ഝാ മുതിര്‍ന്ന ടിഎംസി നേതാവ് തപസ് റോയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ഡോ. സുകന്തോ മജുംദാര്‍ പങ്കുവെച്ചത്. പാര്‍ലമെന്റ് അതിക്രമത്തില്‍ ടിഎംസിയുടെ പങ്ക് അന്വേഷിക്കാന്‍ ഇതില്‍പരം എന്ത് തെളിവാണ് വേണ്ടതെന്നും സുകന്തോ മജുംദാര്‍ ചോദിക്കുന്നു.

‘ജനാധിപത്യത്തിന്റെ ശ്രീകോവില്‍ അതിക്രമിച്ച സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ ലളിത് ഝാ വളരെ കാലമായി ടിഎംസി നേതാവ് തപസ് റോയിയുമായി അടുത്ത ബന്ധമുള്ളയാളാണ്. കേസില്‍ നേതാവിന്റെ ഒത്താശ അന്വേഷിക്കാന്‍ ഇത് മതിയായ തെളിവല്ലേ’ എന്ന അടിക്കുറിപ്പോടൊണ് ബിജെപി നേതാവ് എക്‌സില്‍ ചിത്രം പങ്കുവെച്ചത്.പോസ്റ്റ് ഏറ്റെടുത്ത ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, കേസിലെ പ്രതികള്‍ക്കെല്ലാം കോണ്‍ഗ്രസ്, സിപിഐ (മാവോയിസ്റ്റ്), ടിഎംസി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയെന്ന് ആരോപിച്ചു.

‘പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യപ്രതി ലളിത് ഝായുടെ ടിഎംസി ബന്ധം പുറത്ത് വന്നിരിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും കോണ്‍ഗ്രസ്, തൃണമല്‍ കോണ്‍ഗ്രസ്, സിപിഐ (മാവോയിസ്റ്റ്) ബന്ധമുണ്ട്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ തുരങ്കം വയ്ക്കാന്‍ വേണ്ടി മാത്രമാണ് നിരാശരായ ഇന്‍ഡ്യാ സഖ്യം പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തിയെന്ന് വ്യക്തമല്ലേ? 140 കോടി ഇന്ത്യക്കാരുടെ ശബ്ദമാവുന്ന ഇടമാണ് പാര്‍ലമെന്റ്. നാണക്കേട്.’ എന്നാണ് അമിത് മാളവ്യ എക്‌സിലൂടെ പ്രതികരിച്ചത്.

അതേസമയം, ബിജെപിയുടെ ആഭ്യന്തര പരാജയമണ് ഇത്തരമൊരു അതിക്രമത്തിലേക്ക് നയിച്ചതെന്ന് ടിഎംപി നേതാവ് കുനാല്‍ ഗോഷ് പ്രതികരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി നേതാവാണ് പ്രതികള്‍ക്ക് പാര്‍ലമെന്റിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. സാധാരണ 300 പൊലീസുകാര്‍ ഉണ്ടാവുന്നിടത്ത് സംഭവസമയത്ത് 176 പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്.

ബിജെപിയുടെ ആഭ്യന്തര പരാജയമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും നേതാവ് വിശദീകരിച്ചു.കഴിഞ്ഞ ദിവസം കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ലളിത് മോഹന്‍ ഝായെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്ക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ദില്ലി പൊലീസ് പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button